ആലിപ്പഴം പൊഴിഞ്ഞ് വീണത് കൊറോണ വൈറസ് ആകൃതിയില്‍; ഭീതിയില്‍ ജനങ്ങള്‍, വൈറലായി ചിത്രങ്ങള്‍

മെക്സിക്കോ സിറ്റി: ലോകമെങ്ങും ഇപ്പോള്‍ കൊവിഡ് ഭീതിയിലാണ്. ഈ സാഹചര്യത്തില്‍ മെക്‌സിക്കോയില്‍ പുതിയ ആശങ്കയ്ക്ക് വഴിവെച്ചിരിക്കുകയാണ് കൊറോണ വൈറസിന്റെ ആകൃതിയിലുള്ള ആലിപ്പഴം വീഴ്ചയാണ്. മോന്‍ഡെമോറെലോസ് എന്ന നഗരത്തിലാണ് ഈ പ്രതിഭാസം ഉണ്ടായത്.

ഗോളാകൃതിയില്‍ പുറമേ നിറയെ മുള്ളുകളുള്ള രൂപമാണ് കൊറോണ വൈറസിന്റേത്. ഏതാണ്ട് അതേ ആകൃതിയിലാണ് മെക്സിക്കോയില്‍ നഗരത്തില്‍ വീണ ആലിപ്പഴങ്ങളും. സംഭവത്തിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. ഇത് ഇപ്പോള്‍ ആളുകളില്‍ കൂടുതല്‍ ഭീതി ജനിപ്പിച്ചിരിക്കുകയാണ്. ദൈവം തന്ന അജ്ഞാതമായ സന്ദേശമാണ് ഇതെന്നാണ് ചില നഗരവാസികള്‍ വിശ്വസിക്കുന്നത്.

എന്നാല്‍ ആലിപ്പഴം പൊഴിഞ്ഞത് മറ്റേതൊരു സമയത്തേയും പോലെ തികച്ചും സാധാരണമാണെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചു. ശക്തമായ കാറ്റില്‍ ഗോളാകൃതിയില്‍ തന്നെയാണ് ഐസ് കട്ടകള്‍ രൂപപ്പെടുന്നത്. പിന്നീട് കൂടുതല്‍ ഐസ് അതിലേക്ക് കൂടിച്ചേരുകയാണ് ചെയ്യുന്നത്. ഇത്തരത്തില്‍ കൂടുതല്‍ വലുപ്പം കൈവരിച്ച ആലിപ്പഴങ്ങള്‍ ശക്തമായ കാറ്റില്‍ പരസ്പരം കൂട്ടിയിടിച്ചു പുറംഭാഗത്തെ ഐസ് നഷ്ടപ്പെട്ടതിനാലാണ് മുള്ളുകളുടെ ആകൃതിയില്‍ രൂപം കൊണ്ടതെന്ന് ലോക കാലാവസ്ഥാ നിരീക്ഷണ സംഘടനയുടെ കണ്‍സള്‍ട്ടന്റായ ജോസ് മിഗ്വല്‍ വിനസ് പറഞ്ഞു. ആശങ്കപ്പെടേണ്ട ഒരു സാഹചര്യമില്ലെന്നും നഗരസഭ അധികൃതരും അറിയിച്ചു.

Exit mobile version