‘ലോകത്ത് എല്ലായിടത്തും രോഗബാധിതർ മരിക്കുന്നുണ്ട്; ഈ ചോദ്യം ചൈനയോട് പോയി ചോദിക്കൂ, എന്നോടല്ല’; ചൈനീസ് വംശജയോട് ക്ഷോഭിച്ച് ഇറങ്ങിപ്പോയി ട്രംപ്

വാഷിങ്ടൺ: കൊവിഡ് രോഗ വ്യാപനത്തെ സംബന്ധിച്ചുള്ള പതിവ് വാർത്താസമമ്മേളനത്തിനിടെ ക്ഷോഭിച്ച് ഇറങ്ങിപ്പോയി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തിങ്കളാഴ്ച നടന്ന വാർത്താസമ്മേളനത്തിനിടെയാണ് സംഭവം. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽ അസ്വാരസ്യം പ്രകടിപ്പിച്ചാണ് ട്രംപ് ഇറങ്ങിപ്പോയത്.

യുഎസിൽ വൈറസ് ബാധ മൂലം പ്രതിദിനം നിരവധി പേർ മരിക്കുകയും രോഗബാധിതരാവുകയും ചെയ്യുന്ന സാഹചര്യത്തിലും മറ്റു രാജ്യങ്ങളേക്കാൾ മെച്ചപ്പെട്ട സ്ഥിതിയിലാണ് യുഎസ് എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നത് എന്തിനാണെന്ന് സിബിഎസിന്റെ റിപ്പോർട്ടർ വൈജിയ ജിയാങ് ട്രംപിനോട് ചോദ്യം ഉന്നയിച്ചു. കൂടാതെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ആഗോള മത്സരമായി കാണുന്നതെന്തിനാണെന്നും വൈജിയ ചോജിച്ചു.

കൊവിഡ് കാരണം ലോകത്തെല്ലായിടത്തും രോഗബാധിതർ മരിക്കുന്നുണ്ടെന്നും ഈ ചോദ്യം തന്നോടല്ല ചൈനയോട് ചോദിക്കുന്നതാണ് നല്ലതെന്നും ട്രംപ് പ്രതികരിച്ചു. ചൈനയെ കുറിച്ച് തന്നോട് പരാമർശിക്കുന്നത് എന്തിനാണെന്ന വൈജിയയുടെ ചോദ്യത്തിന് താനങ്ങനെ ആരേയും ഉദ്ദേശിച്ച് പറഞ്ഞതല്ലെന്നും ട്രംപ് പറഞ്ഞു.

ചൈനയിൽ നിന്ന് യുഎസിലേക്ക് കുടിയേറിയതാണ് വൈജിയയുടെ കുടുംബം. തുടർന്ന് അടുത്ത മാധ്യമപ്രവർത്തകയോട് ചോദ്യം ചോദിക്കാൻ ട്രംപ് ആവശ്യപ്പെട്ടു. എന്നാൽ അവരും വൈജിയയുടെ ചോദ്യവുമായി ബന്ധപ്പെട്ടുള്ള ചോദ്യമാണ് മുന്നോട്ട് വെച്ചത്. തുടർന്ന് എല്ലാ മാധ്യമപ്രവർത്തകർക്കും നന്ദി പറഞ്ഞ് ട്രംപ് ഇറങ്ങിപ്പോകുകയായിരുന്നു. തങ്ങളെ ക്ഷണിച്ചു വരുത്തിയതല്ലേയെന്നും സമ്മേളനം ഇടയ്ക്ക് വെച്ച് നിർത്തുന്നതെന്തിനാണെന്നുമുള്ള ചോദ്യങ്ങളോട് പ്രതികരിക്കാതെ ട്രംപ് ഇറങ്ങിപ്പോവുകയായിരുന്നു.

Exit mobile version