കാമുകിയെ കാണാന്‍ തയ്യാറാക്കിയ ‘സൂം ആപ്പ് ‘ ലോകം കീഴടക്കി; ഇത് യുവാന്‍ എന്ന ചൈനക്കാരന്റെ അത്ഭുത വിജയകഥ

ഫഖ്‌റുദ്ധീന്‍ പന്താവൂര്‍

യുവാന്‍ പഠിക്കാന്‍ മിടുക്കനായിരുന്നു. ഡിഗ്രി ഒന്നാം വര്‍ഷക്കാരനാകുമ്പോഴാണ് അവന്റെ ജീവിതത്തിലേക്ക് ഒരു കാമുകി കടന്നുവരുന്നത്. പ്രണയം ഭ്രാന്തായതോടെ പത്ത് മണിക്കൂര്‍ യാത്ര നടത്തി അവളെ കാണാന്‍ പോകും. പലപ്പോഴും ഈ ദൂരം ഒരു തടസ്സമായി. യുവാന് എന്നും അവളെ കാണണം. അങ്ങനെയാണ് പുതിയൊരു മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കിയത്. കണ്ട് സംസാരിക്കാന്‍. മറ്റു വീഡിയോ ആപ്ലിക്കേഷനുകളേക്കാള്‍ ക്ലിയറായിരുന്നു ഇത്. പ്രണയമങ്ങനെ പൂത്തുലഞ്ഞു.

ഡിഗ്രിയും പിജിയും പൂര്‍ത്തിയാക്കിയ യുവാന് 1994 ല്‍ ജപ്പാനില്‍ നല്ലൊരു ജോലികിട്ടി. കമ്പനി മീറ്റിംഗുകളെല്ലാം വെബ്എക്‌സ് എന്നൊരു ആപ്പ് വഴിയാണ്. സംഗതി പോരെന്ന് യുവാനും തോന്നി. അങ്ങനെ പ്രണയകാലത്ത് കാമുകിയെ(ഇപ്പോള്‍ ഭാര്യ) കാണാനായി ഉണ്ടാക്കിയ വീഡിയോ ആപ്ലിക്കേഷന്‍ വികസിപ്പിക്കാന്‍ തീരുമാനിച്ചു. 2012ലായിരുന്നു ഇത്. അതാണ് ഇന്നത്തെ ഏറ്റവും ജനപ്രീതി നേടിയ സൂം ആപ്പായി മാറിയത്. ഒരേ സമയം 500 പേര്‍ക്കും ഒരുമിച്ച് വീഡിയോയില്‍ സംസാരിക്കാം. യുവാനാണ് ഈ ആപ്പിന്റെ പിതാവ്. ടിക്ടോക് വന്ന ചൈനയില്‍നിന്നുതന്നെ സൂം പിറവിയെടുത്തു.

ഇംഗ്ലിഷ് കാര്യമായി അറിയാത്ത യുവാന്‍ 9 തവണ അമേരിക്കയില്‍ പോകാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടയാളാണ്. ഒടുവില്‍ ഭാഷ പഠിച്ച് പത്താം തവണ അമേരിക്കയിലെത്തി.
ഇന്ന് ലോകം മുഴുക്കെയും സൂം ആപ്ലിക്കേഷന്‍ ആളുകള്‍ ഉപയോഗിക്കുന്നു. യുവാന്‍ എന്ന ചൈനയിലെ തായാനിലെ മൈനിംഗ് എഞ്ചിനീയറുടെ മകന്‍ ഇപ്പോള്‍ കോടീശ്വരനാണ്.ലോക്ക്ഡൗണ്‍ കാലത്ത് ഇന്ത്യയിലും സൂം ജനപ്രീതി നേടി. വീഡിയോ ആപ്ലിക്കേഷനില്‍ ഇവനെ വെല്ലാന്‍ മറ്റൊന്നില്ല. സോഷ്യല്‍ ഡിസ്റ്റന്‍സ് കൃത്യമായി പാലിക്കാന്‍ സൂം നല്ലൊരു പരിഹാരമാണ്.

സേതുആപ്പ് പോലെ വ്യക്തികളുടെ വിവരങ്ങള്‍ ചോരുന്നതും ഹാക്കര്‍മാര്‍ കയറി അശ്ലീല ചിതങ്ങള്‍ പോസ്റ്റുന്നതും ഈ ആപ്പിനുള്ള വെല്ലുവിളിയാണ്. ഔദ്ധ്യോഗിക ആവശ്യങ്ങള്‍ക്ക് ഈ ആപ്പ് ഉപയോഗിക്കരുതെന്നാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ നിര്‍ദേശം. സുരക്ഷാ പ്രശ്നങ്ങള്‍ നിലനില്‍ക്കുമ്പോഴും സൂം വീഡിയോ കമ്മ്യൂണിക്കേഷന്റെ വളര്‍ച്ചയില്‍ കുതിപ്പ് തുടരുകയാണ്. 300 ദശലക്ഷം പേരാണ് നിലവില്‍ സൂം ആപ്പ് ഉപയോഗിക്കുന്നത്. കഴിഞ്ഞ മൂന്ന് ആഴ്ചകള്‍ക്കിടെ ഉപയോഗത്തില്‍ 50 ശതമാനം വളര്‍ച്ചയാണ് ഓണ്‍ലൈന്‍ മീറ്റിംഗ് ആപ്ലിക്കേഷനായ സൂം നേടിയിരിക്കുന്നത്.

ഏപ്രില്‍ മാസം ഒന്നാം തീയതി 200 ദശലക്ഷം ഉപയോക്താക്കളിലേക്ക് ഉയര്‍ന്ന ആപ്പ് 21ാം തിയതി എത്തിയപ്പോഴേക്കും എണ്ണം 300 ദശലക്ഷത്തിലേക്ക് ഉയര്‍ന്നതായി സൂം ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍ എറിക് യുവാന്‍ പറയുന്നു. കൊവിഡ് കാലത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഡൗണ്‍ലോഡ് ചെയ്ത ആപ്പായിരുന്നു സൂം. കൊവിഡിനെ തുടര്‍ന്ന് അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചതോടെ വീട്ടിലിരുന്നു ജോലി ചെയ്യാന്‍ നിര്‍ബന്ധിതരായ കമ്പനി ജീവനക്കാര്‍ ഏറ്റവും കൂടുതല്‍ ആശ്രയിച്ചതും സൂമിനെയാണ്. നിലവില്‍ വിപണിയില്‍ പത്ത് പേരില്‍ കൂടുതല്‍ ഓരു കോളില്‍ ചേരാന്‍ അനുവദിക്കുന്ന ഒരേയൊരു ആപ്പാണിത്. ഈ മാസം ആദ്യ ആഴ്ചയില്‍ തന്നെ പ്ലേസ്റ്റോറില്‍ 50 ദശലക്ഷത്തിലധികം ഡൗണ്‍ലോഡുകള്‍ സൂം നേടിക്കഴിഞ്ഞിരുന്നു.

Exit mobile version