ലോക്ക് ഡൗണ്‍; വീട്ടിലിരുന്ന് മടുത്തു, ഫുഡ് ഡെലിവറിക്ക് ഇറങ്ങി റഷ്യന്‍ കോടീശ്വരന്‍, ലോക്ക് ഡൗണ്‍ തീരുന്നതു വരെ ജോലി തുടരും

മോസ്‌കോ: കൊറോണ വൈറസിനെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണില്‍ പുറത്തിറങ്ങാന്‍ വിഷമിക്കുന്നവര്‍ അനവധിയാണ്. കള്ളത്തരങ്ങള്‍ പറഞ്ഞും അധികൃതരുടെ കണ്ണ് വെട്ടിച്ച് പുറത്തിറങ്ങുന്നവരും കുറവല്ല. ഇപ്പോള്‍ വീട്ടിലിരുന്ന് മടുത്തതിനെ തുടര്‍ന്ന് ഫുഡ് ഡെലിവറിക്ക് ഇറങ്ങിയിരിക്കുകയാണ് റഷ്യന്‍ കോടീശ്വരനായ സെര്‍ജി നോചോവ്‌നി.

ശാരീരികമായി പ്രവര്‍ത്തനക്ഷമമായിരിക്കാനും ജീവിതത്തെ പുതിയ തലത്തിലൂടെ കാണാനും ഇതിലൂടെ സാധിക്കുമെന്നാണ് സെര്‍ജി വിശ്വസിക്കുന്നത്. കൊവിഡ് വ്യാപന ഭീതിയില്‍ റഷ്യയുടെ തലസ്ഥനാമായ മോസ്‌കോയില്‍ കടുത്ത നിയന്ത്രണം തുടരുകയാണ്. കൂടുതല്‍ ആളുകളും വീട്ടിലിരുന്നാണ് ജോലി ചെയ്യുന്നത്. എന്നാല്‍ ഡെലിവറി നടത്തുന്നവര്‍ക്ക് ഇളവുകളുണ്ട്. ഇവര്‍ക്ക് ഭക്ഷണവുമായി നഗരത്തില്‍ ആവശ്യാനുസരണം സഞ്ചരിക്കാം.

ഈ സാഹചര്യത്തിലാണ് ബോറടി മാറ്റാന്‍ സെര്‍ജി ഒരു ഡെലിവറി സ്ഥാപനവുമായി ബന്ധപ്പെട്ട് ജോലി തരപ്പെടുത്തിയത്. ആഹാരസാധനങ്ങളുമായി ദിവസവും 20 കിലോമീറ്ററോളം നടക്കാനാകുന്നുണ്ട്. 1000 മുതല്‍ 1500 റൂബിള്‍സ് വരെ വരുമാനമുണ്ടെന്നും സെര്‍ജി പറയുന്നു. 12 വര്‍ഷം ചൈനയില്‍ ജീവിച്ച് കഴിഞ്ഞ വര്‍ഷമാണ് സെര്‍ജി റഷ്യയിലേക്ക് തിരിച്ചെത്തിയത്. ഇപ്പോള്‍ മോസ്‌കോ നഗരത്തില്‍ ഒരു കണ്‍സള്‍ട്ടിങ് സ്ഥാപനം നടത്തുകയാണ്. 15 കോടിക്ക് മുകളിലാണ് ഇദ്ദേഹത്തിന്റെ വാര്‍ഷിക വരുമാനം. എന്തായാലും ലോക്ഡൗണ്‍ തീരുന്നതു വരെ ഡെലിവറി ബോയ് ആയി തുടരാനാണ് ഇദ്ദേഹത്തിന്റെ തീരുമാനം.

Exit mobile version