വരണ്ട ചുമയും തൊണ്ടവേദനയും പനിയും മാത്രമല്ല; ചെങ്കണ്ണും കൊറോണ ലക്ഷണം; കണ്ണിലൂടെയും വൈറസ് ബാധ പടര്‍ന്നേയ്ക്കാം, സാധ്യത തള്ളിക്കളയാതെ അധികൃതര്‍

കൊറോണ വൈറസിന്റെ പ്രധാന ലക്ഷണങ്ങളാണ് വരണ്ട ചുമയും തൊണ്ടവേദനയും കടുത്ത പനിയും. കൂടാതെ ചിലര്‍ക്ക് ഭക്ഷണത്തിനോടുള്ള താത്പര്യക്കുറവും ഘ്രാണശക്തിയില്ലായ്മയും കൊറോണ ബാധയുടെ ലക്ഷണങ്ങളായി കണ്ടുവരുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ വൈറസിന്റെ ലക്ഷണങ്ങളില്‍ ചെങ്കണ്ണും കൂടി ഉള്‍പ്പെട്ടിരിക്കുകയാണ്.

ചൈനയിലെ ഹ്യൂബി പ്രവിശ്യയില്‍ ചികിത്സ തേടിയ 38 കോവിഡ് രോഗികളില്‍ 19പേര്‍ക്കും കണ്ണിന് അസുഖമുണ്ടായിരുന്നു എന്ന് ജമ ഓഫ്താല്‍മോളജി പ്രസിദ്ധീകരിച്ച പഠനത്തില്‍ വ്യക്തമാക്കുന്നത്. കൊവിഡ് ബാധിതനായ ഒരാള്‍ ചെങ്കണ്ണ് ലക്ഷണവും പ്രകടിപ്പിക്കുമെന്നാണ് വാഷിങ്ടണ്‍ ലൈഫ് കെയര്‍ സെന്ററിലെ നഴ്സുമാരും പറയുന്നത്. 2003ലെ സാര്‍സ് രോഗ വ്യാപന കാലത്ത് കണ്ണിലൂടെ രോഗം പകര്‍ന്നിരുന്നു. കൊറോണയുടെ മറ്റൊരു വകഭേദമായിരുന്നു സാര്‍സ്.

അതിനാലാണ് ഇത്തരത്തിലൊരു സംശയം കൂടി ബലപ്പെടുന്നത്. അതേസമയം ഇതുവരെ ഒരു ശതമാനം കൊവിഡ് കേസുകളിലെ കണ്‍ജക്റ്റിവൈറ്റിസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. പകരാനുള്ള സാധ്യത കുറവാണെങ്കിലും കൊറോണ വൈറസിന് കണ്ണിലൂടെയും ശരീരത്തിലേക്ക് പ്രവേശിക്കാനാവുമെന്ന സാധ്യതയും തള്ളിക്കളയുന്നില്ല. മൂക്കിലെയും വായിലെയും ചെറുപാളികളിലൂടെ വൈറസിന് ഉള്ളില്‍ പ്രവേശിക്കാനാവുന്നതു കൊണ്ട് ഈ സാധ്യത തീര്‍ത്തും അവഗണിക്കാനും ആവില്ല.

Exit mobile version