നഗരത്തില്‍ ഗുണ്ടാസംഘങ്ങളുടെ ആക്രമണം; കുട്ടികള്‍ ഉള്‍പ്പടെ കൊല്ലപ്പെട്ടത് 78 പേര്‍! ശവപ്പെട്ടിയില്‍ അന്തിയുറങ്ങി പ്രതിഷേധം അറിയിച്ച് ജനപ്രതിനിധി, ശവപ്പെട്ടിയിലെ ഉറക്കം തുടങ്ങിയിട്ട് ഏഴ് നാള്‍!

പോര്‍ട്ട് എലിസബത്തിന്റെ വടക്കന്‍ മേഖല ക്രൂരമായ സംഘടിത ആക്രമണങ്ങളുടെയും ഗ്യാംഗ് വാറുകളുടേയും കേന്ദ്രമാണ്.

പോര്‍ട്ട് എലിസബത്ത്: നഗരത്തില്‍ ഗുണ്ടാ സംഘങ്ങളുടെ ആക്രമണം രൂക്ഷമാകുന്നു. കുട്ടികളും പ്രായമായവരും ഉള്‍പ്പടെ നിരവധി പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെടുന്നത്. ഇതുവരെ 78 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇതില്‍ പ്രതിഷേധ സൂചകമായി ജനപ്രതിനിധി ശവപ്പെട്ടിയില്‍ കിടന്ന് ഉറങ്ങുകയാണ്. ഒരാഴ്ചയായി ഈ വ്യത്യസ്ത പ്രതിഷേധം മുന്നേറുകയാണ്. ദക്ഷിണാഫ്രിക്കയിലെ പോര്‍ട്ട് എലിസബത്ത് ഉള്‍പ്പെടുന്ന പ്രവിശ്യയിലെ നിയമസഭാംഗവും ഖോസിയന്‍ ഗോത്ര വര്‍ഗ്ഗക്കാരുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്ന നേതാവുമായ ക്രിസ്റ്റിയന്‍ മാര്‍ട്ടിനാണ് ഒരാഴ്ചയായി ശവപ്പെട്ടിക്കുള്ളില്‍ കിടന്നുറങ്ങുന്നത്.

പോര്‍ട്ട് എലിസബത്തിന്റെ വടക്കന്‍ മേഖല ക്രൂരമായ സംഘടിത ആക്രമണങ്ങളുടെയും ഗ്യാംഗ് വാറുകളുടേയും കേന്ദ്രമാണ്. നിരപരാധികളായ നാട്ടുകാര്‍ കൂടി കൊല്ലപ്പെടുന്ന സാഹചര്യത്തില്‍ പ്രതിഷേധ സൂചകമായി ഒരാഴ്ചയായി ക്രിസ്ത്യന്‍ മാര്‍ട്ടിന്‍ ശവപ്പെട്ടിക്കുള്ളിലാണ് കിടക്കുന്നത്. തന്റെ പാര്‍ട്ടിയായ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ കിംഗ് വില്യംസ് ടൗണിലെ പ്രവിശ്യാ ഹെഡോഫീസിന് മുന്നിലാണ് പ്രതിഷേധം. സ്വന്തം സമുദായക്കാര്‍ തന്നെ ആള്‍ക്കാരെ തടവില്‍ പാര്‍പ്പിക്കുന്ന പോര്‍ട്ട് എലിസബത്തില്‍ ” ജീവിക്കുന്ന ശവങ്ങള്‍” എന്ന അര്‍ത്ഥത്തിലാണ് താന്‍ ശവപ്പെട്ടി കിടക്കയാക്കിയിരിക്കുന്നതെന്ന് മാര്‍ട്ടിന്‍ പറയുന്നു.

അക്രമ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ നടപടി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ സമരം ചെയ്യുന്ന ടെന്റില്‍ പ്രതിഷേധക്കാര്‍ക്കൊപ്പമാണ് മാര്‍ട്ടിനും കിടക്കുന്നത്. ഏപ്രിലിനും ഒക്ടോബറിനും ഇടയില്‍ ഇവിടെ ഗ്യാംഗുകളുടെ സംഘട്ടനത്തില്‍ കൊല്ലപ്പെട്ടത് 78 പേരാണ്. ഇവരുടെ ഓര്‍മ്മയ്ക്കായി ടെന്റിന് സമീപം കുരിശും നാട്ടിയിട്ടുണ്ട്. നവംബറില്‍ മാത്രം ഇവിടെ എട്ടു പേരോളം ഇതിനകം കൊല്ലപ്പെട്ടു കഴിഞ്ഞു. കുറ്റവാളികളുടെ ചേരിതിരിഞ്ഞുള്ള പോരാട്ടത്തില്‍ വെടിയേറ്റ് മരണപ്പെട്ടവരില്‍ ഒരു എട്ടു വയസ്സുകാരനും ഉണ്ട്.

ക്രൂരവും കണ്ണില്ലാത്തതുമായ ഗുണ്ടകളുടെ വെടിവെച്ചുള്ള കളികളില്‍ ഇരയാകുന്നത് കുട്ടികള്‍ തന്നെയാണ്. പ്രായമോ ലിംഗമോ മതമോ ദരിദ്രനോ എന്ന് പോലും നോക്കാതെ അടുത്ത ബുള്ളറ്റ് എവിടെ നിന്ന് വരുമെന്ന് പോലും അറിയാത്ത സാഹചര്യത്തില്‍ തങ്ങള്‍ ജീവിക്കുന്ന ശവങ്ങളാണ് എന്ന് മാര്‍ട്ടിന്‍ പറയുന്നു. തങ്ങളുടെ സമുദായത്തില്‍ പ്രായമായവരും അധികം യുവാക്കളില്‍ താഴെ പ്രായമുള്ളവരും അധികമില്ല. അതുകൊണ്ടു തന്നെ ഇതിലൂടെ അവസാനിക്കുന്നത് അടുത്ത തലമുറ തന്നെയാണെന്ന് മാര്‍ട്ടിന്‍ പറയുന്നു.

Exit mobile version