താന്‍ കാരണം കൂടുതല്‍ പേരിലേയ്ക്ക് രോഗം പടര്‍ന്നേക്കുമോ എന്ന് ആശങ്ക; വൈറസ് ബാധിതയായ നഴ്‌സ് ജീവനൊടുക്കി

റോം: ഇറ്റലിയില്‍ കൊറോണ വൈറസ് ബാധിതയായ നഴ്സ് ജീവനൊടുക്കി. താന്‍ കാരണം രോഗം കൂടുതല്‍ പേരിലേയ്ക്കും പടര്‍ന്നേക്കുമോ എന്ന ആശങ്കയാണ് നഴ്‌സിനെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ലോംബാര്‍ഡ് സാന്‍ ജെറാര്‍ഡോ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലെ നഴ്സായിരുന്ന ഡാനിയേല ട്രേസി(34)യാണ് ജീവനൊടുക്കിയത്.

കൊറോണ വൈറസ് ബാധിതയായിരുന്ന ഡാനിയേല കഴിഞ്ഞദിവസങ്ങളില്‍ കടുത്ത മാനസികസമ്മര്‍ദം അനുഭവിച്ചിരുന്നതായി ഇറ്റലിയിലെ നാഷണല്‍ ഫെഡറേഷന്‍ ഓഫ് നഴ്സസ് സംഘടന പ്രസ്താവനയില്‍ പറഞ്ഞു. മാര്‍ച്ച് പത്തിനാണ് ഡാനിയേല കൊറോണ പോസിറ്റീവാണെന്ന് കണ്ടെത്തിയത്. ഇതിനുപിന്നാലെ അവര്‍ കടുത്ത മാനസിക സമ്മര്‍ദത്തിലായി. താന്‍ കാരണം കൂടുതല്‍പേരിലേക്ക് വൈറസ് പടരുമോ എന്നതായിരുന്നു അവരുടെ ഭയമെന്നും സംഘടന പ്രസ്താവനയില്‍ പറയുന്നു.

കടുത്ത മാനസിക സമ്മര്‍ദം അനുഭവിക്കേണ്ടി വരുന്ന സ്ഥിതിയാണ് നഴ്സുമാര്‍ക്കുള്ളതെന്നും എന്നാല്‍ നിലവിലെ സാഹചര്യം പരിഗണിച്ച് നഴ്സുമാര്‍ വേവലാതിപ്പെടരുതെന്നും സംഘടന അഭ്യര്‍ത്ഥിക്കുകയും ചെയ്തു. വൈറസ് ബാധിച്ച് നഴ്‌സ് ആത്മഹത്യ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് അഭ്യര്‍ത്ഥന. അതേസമയം, നഴ്സിന്റെ ആത്മഹത്യയില്‍ പോലീസ് കേസെടുക്കുകയും അന്വേഷണം നടത്തുകയുമാണെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു.

Exit mobile version