പാകിസ്താനില്‍ വീണ്ടും ചാവേര്‍ ആക്രമണം; ഏഴ് മരണം, നിരവധി പേര്‍ക്ക് പരിക്ക്, 25 പേരുടെ നില ഗുരുതരം

മരണസംഖ്യ ഉയര്‍ന്നേയ്ക്കുമെന്നാണ് വിവരം.

ഇസ്ലാമാബാദ്: പാകിസ്താനില്‍ വീണ്ടും ചാവേര്‍ ആക്രമണം. ക്വറ്റയില്‍ രാഷ്ട്രീയ സംഘടന നടത്തിയ റാലിക്കിടെയാണ് സ്‌ഫോടനമുണ്ടായത്. ആക്രമണത്തില്‍ ഏഴ്‌പേര്‍ മരിച്ചതായാണ് വിവരം. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ 25 പേരുടെ നില അതീവഗുരുതരമായി തുടരുകയാണ്. മരണസംഖ്യ ഉയര്‍ന്നേയ്ക്കുമെന്നാണ് വിവരം.

അഹ്ലെ സുന്നത്ത് വല്‍ ജമാഅത്ത് എന്ന സംഘടന സംഘടിപ്പിച്ച യോഗത്തിന്റെ വേദിക്ക് സമീപത്താണ് ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ ആക്രമിയെ പോലീസ് തടഞ്ഞുവെച്ചു. ഉടന്‍ തന്നെ ആക്രമി റാലിക്ക് നേരെ കുതിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ല.

ചാവേര്‍ ആക്രമണമാണ് നടന്നതെന്ന് ക്വെറ്റ പോലീസ് തലവന്‍ വ്യക്തമാക്കി. ആക്രമിയെ തടഞ്ഞു നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും പോലീസിനെ വെട്ടിച്ച് മുന്നോട്ട് കുതിക്കുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ആക്രമിയെ തടയാന്‍ ശ്രമിച്ചവരാണ് കൊല്ലപ്പെട്ടവരില്‍ രണ്ട് പേര്‍. പോലീസ് ബാരിക്കേഡിന് സമീപത്താണ് സ്‌ഫോടനം നടന്നതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

Exit mobile version