ഇടഞ്ഞുനിന്ന സ്‌പെയിനും വഴങ്ങി; ബ്രെക്‌സിറ്റ് ഉടമ്പടിക്ക് യൂറോപ്യന്‍ യൂണിയന്‍ അംഗീകാരം

പതിനെട്ട്‌ മാസങ്ങള്‍ നീണ്ട കൂടിയാലോചനകള്‍ക്കൊടുവിലാണ് ഉടമ്പടിക്ക് അന്തിമ രൂപമായത്

ബ്രസല്‍സ്: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ മുന്നോട്ട് വെച്ച ബ്രെക്‌സിറ്റ് ഉടമ്പടിക്ക് യൂറോപ്യന്‍ യൂണിയന്റെ അംഗീകാരം. ബെല്‍ജിയത്തിലെ ബ്രസല്‍സില്‍ ചേര്‍ന്ന യോഗത്തില്‍ 27 അംഗരാജ്യങ്ങളും ഉടമ്പടി അംഗീകരിച്ചതായി യൂറോപ്യന്‍ കൗണ്‍സില്‍ തലവന്‍ ഡോണള്‍ഡ് ടസ്‌ക് അറിയിച്ചു.

പതിനെട്ട്‌ മാസങ്ങള്‍ നീണ്ട കൂടിയാലോചനകള്‍ക്കൊടുവിലാണ് ഉടമ്പടിക്ക് അന്തിമ രൂപമായത്. ഇടഞ്ഞുനിന്ന സ്‌പെയിനും വഴങ്ങിയതോടെ അവസാന യോഗം ഒരു മണിക്കൂര്‍ താഴെ മാത്രമാണ് നീണ്ടത്. അടുത്ത വര്‍ഷം മാര്‍ച്ച് 29നാകും ബ്രിട്ടന്‍ ഔദ്യോഗികമായി യൂറോപ്യന്‍ യൂണിയന്‍ വിടുക.

അതേ സമയം, ബ്രിട്ടീഷ് പാര്‍ലമെന്റ് കൂടിച്ചേര്‍ന്ന് ഉടമ്പടി അംഗീകരിച്ചാല്‍ മാത്രമേ ബ്രെക്‌സിറ്റ് നടപ്പാകുയുള്ളൂ. കരാര്‍ എതിര്‍ക്കുമെന്ന് തെരേസ മേയുടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍പ്പെട്ട ചില എംപിമാര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഉടമ്പടിക്ക് ബ്രിട്ടീഷ് ജനതയുടെ പിന്തുണ തേടി പ്രധാനമന്ത്രി തെരേസ മേ രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് കത്തയച്ചു. രാജ്യതാല്‍പര്യം മുന്‍നിര്‍ത്തിയാണ് കരാര്‍ തയ്യാറാക്കിയിരിക്കുന്നതെന്നാണ് തെരേസ മേ കത്തില്‍ വിശദീകരിക്കുന്നത്.

Exit mobile version