കൊറോണ വൈറസ്; ചൈനയില്‍ മരിച്ചവരുടെ എണ്ണം 638 ആയി! വൈറസ് ബാധ ആദ്യം കണ്ടെത്തിയ ഡോക്ടറും മരണത്തിന് കീഴടങ്ങി

ഇന്നലെ മാത്രം 70 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. 3100 പുതിയ കേസുകളും ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തു

വുഹാന്‍: ചൈനയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 638 ആയി. ഇന്നലെ മാത്രം 70 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. 3100 പുതിയ കേസുകളും ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തു.

ചൈനയില്‍ പടരുന്നത് ‘നോവല്‍ കൊറോണ’ എന്ന വൈറസാണെന്ന് ആദ്യം മുന്നറിയിപ്പ് നല്‍കിയ ഡോക്ടര്‍ ലി വെന്‍ലിയാങും ഇന്നലെ മരണത്തിന് കീഴടങ്ങി. രാജ്യത്ത് പടര്‍ന്ന് പിടിക്കുന്ന ആ പനി അപകടകാരിയാണ് എന്നാണ് ഡോക്ടര്‍ പറഞ്ഞത്. നോവല്‍ കൊറോണ വൈറസ് ന്യുമോണിയ എന്ന അസുഖമാണിത് എന്നും അദ്ദേഹം പറഞ്ഞു.

ഉടനടി നിയന്ത്രിച്ചില്ലെങ്കില്‍ രോഗബാധ നിയന്ത്രിക്കാന്‍ കഴിയാതെ വരുമെന്നും ലി വെന്‍ലിയാങ് മുന്നറിയിപ്പ് നല്‍കി. രോഗബാധ ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വുഹാനിലായിരുന്നു ലി വെന്‍ലിയാങ് ജോലി ചെയ്തിരുന്നത്. എന്നാല്‍ ഉടന്‍ തന്നെ ചൈനീസ് പോലീസ് ഇതിലിടപെട്ടു. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് ആളുകളെ ഭയപ്പെടുത്തരുതെന്ന് ലി വെന്‍ലിയാങിനെ പോലീസ് താക്കീത് ചെയ്തു.

അതേസമയം, പെട്ടെന്ന് തന്നെ രോഗബാധ കണ്ടെത്താനുള്ള ശ്രമമാണ് ഇനി നടത്തുകയെന്ന് ചൈനീസ് ആരോഗ്യമന്ത്രാലയ അധികൃതര്‍ വ്യക്തമാക്കുന്നു. വുഹാനില്‍ രോഗം ബാധിച്ച എല്ലാവരെയും വന്‍ ക്വാറന്റൈന്‍ ക്യാമ്പുകളിലേക്ക് മാറ്റാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി നടക്കുകയാണ്.

ഇന്നലെ മാത്രം മൂവായിരത്തോളം രോഗബാധ റിപ്പോര്‍ട്ട് ചെയ്തതോടെ രോഗം ബാധിക്കപ്പെവരുടെ എണ്ണം 31,161 ആയി. ഇന്നലെ മരിച്ച 70 പേരില്‍ 69 പേരും ചൈനയിലെ ഹുബെയ് പ്രവിശ്യയിലാണെന്നത് മേഖലയിലെ രോഗബാധ തടയുന്നതില്‍ ചൈനീസ് അധികൃതര്‍ക്ക് വീഴ്ച പറ്റിയെന്നത് വെളിവാക്കുന്നതാണ്.

ഇതുവരെ ഏറ്റവും കൂടുതല്‍ മരണസംഖ്യയും ഹുബെയ് പ്രവിശ്യയിലാണ്. സമീപരാജ്യമായ ഫിലീപ്പീന്‍സിലും, ചൈനയുടെ കീഴിലുള്ള ഹോങ് കോങിലും ചൈനയുടെ എല്ലാ പ്രവിശ്യകളിലും മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചൈനയ്ക്ക് പുറത്ത് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത് 200 കേസുകളാണ്.

Exit mobile version