സുലൈമാനി ഇന്ത്യയിലും ഭീകരാക്രമണത്തിന് പദ്ധതിയിട്ടു! ഞങ്ങള്‍ ഇല്ലാതാക്കിയത് നമ്പര്‍ വണ്‍ ഭീകരനെയെന്ന് അമേരിക്കന്‍ പ്രസിഡന്റ്

ഖാസിം സുലൈമാനി ന്യൂഡല്‍ഹിയിലും ലണ്ടനിലും ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നതയി ട്രംപ് പറഞ്ഞു.

ലോസ് ആഞ്ചലസ്: അമേരിക്കന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാനിലെ സൈനിക ജനറല്‍ ഖാസിം സുലൈമാനി ഇന്ത്യയിലടക്കം ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സുലൈമാനിയെ വധിച്ചതിന് പിന്നാലെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു ട്രംപിന്റെ ഈ വെളിപ്പെടുത്തല്‍. ഖാസിം സുലൈമാനി ന്യൂഡല്‍ഹിയിലും ലണ്ടനിലും ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നതയി ട്രംപ് പറഞ്ഞു.

ഇറാഖില്‍ റോക്കറ്റ് ആക്രമണത്തില്‍ ഒരു യുഎസ് പൗരന്‍ കൊല്ലപ്പെടുകയും നാലുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബാഗ്ദാദില്‍ ഞങ്ങളുടെ എംബസിക്ക് നേരേയും ആക്രമണമുണ്ടായി. ഇതെല്ലാം സുലൈമാനിയുടെ നിര്‍ദേശമനുസരിച്ചായിരുന്നുവെന്നാണ് ട്രംപിന്റെ വെളിപ്പെടുത്തല്‍.

സുലൈമാനിയെ വധിച്ചത് യുദ്ധത്തിലേക്ക് നയിക്കില്ലെന്നും, യുദ്ധം ഇല്ലാതാക്കാനാണ് സുലൈമാനിയെ കൊലപ്പെടുത്തിയതെന്നുമായിരുന്നു ട്രംപിന്റെ വിശദീകരണം. ലോകത്തിലെ നമ്പര്‍ വണ്‍ ഭീകരനെയാണ് തന്റെ നിര്‍ദേശമനുസരിച്ച് യുഎസ് സൈന്യം വധിച്ചത്. അമേരിക്കന്‍ നയതന്ത്ര, സൈനിക ഉദ്യോഗസ്ഥര്‍ക്കെതിരെ അതിക്രൂരമായ ആക്രമണം നടത്താനായിരുന്നു സുലൈമാനി പദ്ധതിയിട്ടിരുന്നത്. പക്ഷേ, അദ്ദേഹത്തെ ഞങ്ങള്‍ പിടികൂടി ഇല്ലാതാക്കി- ട്രംപ് വ്യക്തമാക്കി.

Exit mobile version