ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ക്ക് നേരെ അഭിഭാഷകരുടെ ആക്രമണം; ഡോക്ടര്‍മാരും നഴ്‌സ്മാരും ഇറങ്ങി ഓടി, 12 രോഗികള്‍ മരിച്ചു

ലാഹോറിലെ പഞ്ചാബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോളജിയിലാണ് ദാരുണ സംഭവമുണ്ടായത്

ലാഹോര്‍: പാകിസ്താനില്‍ ഡോക്ടര്‍മാരും അഭിഭാഷകരും തമ്മില്‍ സംഘര്‍ഷം. ആശുപത്രിയില്‍ കയറിയാണ് അഭിഭാഷകര്‍ ഡോക്ടര്‍മാരെ ആക്രമിച്ചത്. സംഘര്‍ഷത്തെ തുടര്‍ന്ന് ഡോക്ടര്‍മാരും നഴ്‌സുമാരും ഓടി രക്ഷപ്പെട്ടു. എന്നാല്‍ ഇതിനിടെ അത്യാസന്ന നിലയിലായ 12 രോഗികള്‍ ചികിത്സ കിട്ടാതെ മരണപ്പെട്ടു.

ലാഹോറിലെ പഞ്ചാബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോളജിയിലാണ് ദാരുണ സംഭവമുണ്ടായത്. രണ്ടാഴ്ച മുമ്പ് ഡോക്ടറും അഭിഭാഷകനും തമ്മില്‍ തര്‍ക്കമുണ്ടാകുകയും ഡോക്ടര്‍ അഭിഭാഷകനെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. ഇതേ ചൊല്ലിയുള്ള തര്‍ക്കമാണ് വലിയ സംഘര്‍ഷത്തില്‍ കലാശിച്ചത്.

അഭിഭാഷകരെത്തിയപ്പോഴേക്കും ഡോക്ടര്‍മാരും മറ്റ് ജീവനക്കാരും ഓടി രക്ഷപ്പെടുകയായിരുന്നു. വാര്‍ത്താവിതരണ വകുപ്പ് മന്ത്രി ഫൈസുല്‍ ഹസന്‍ ചൗഹാന്‍, മാധ്യമപ്രവര്‍ത്തകര്‍, ഡോക്ടര്‍മാര്‍ എന്നിവര്‍ക്ക് പരിക്കേറ്റതായും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമാസക്തരായ അഭിഭാഷകര്‍ ആശുപത്രിക്ക് മുന്നില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്ക് തീയിട്ടു. കൂടാതെ ആശുപത്രിയിലെ ജനലുകളും ഫര്‍ണീച്ചറുകളും മറ്റ് ഉപകരണങ്ങളും തല്ലി തകര്‍ത്തു. സംഭവത്തില്‍ 10 അഭിഭാഷകരെ അറസ്റ്റ് ചെയ്തതായും അധികൃതര്‍ അറിയിച്ചു.

Exit mobile version