ഈ പത്തുവയസുകാരന് ഭാരം എട്ട് കിലോ! ഒന്ന് അനങ്ങാനോ ശ്വാസം വിടാനോ സാധിക്കാതെ എല്ലും തോലുമായി കുരുന്ന്, യെമനിലെ വേദനിപ്പിക്കുന്ന പട്ടിണി കാഴ്ച

യെമനിലെ ആഭ്യന്തരയുദ്ധമാണ് സലായെ കണ്ണീര്‍ കാഴ്ചയാക്കി മാറ്റിയത്.

യെമനിലെ പട്ടിണി രൂക്ഷമായതോടെ വരുന്നത് ഏവരെയും വേദനിപ്പിക്കുന്ന കാഴ്ചകളാണ്. യെമനിലെ ആശുപത്രിക്കിടക്കയില്‍ ശ്വസിക്കാന്‍ പോലും ബുദ്ധിമുട്ടുന്ന ഒരു കുരുന്നിന്റെ കാഴ്ചയാണ് ഇപ്പോള്‍ ലോകം തന്നെ ചര്‍ച്ച ചെയ്യുന്നത്. പത്തു വയസ് പ്രായമുള്ള ഈ കുരുന്നിന്റെ ഭാരം വെറും എട്ട് കിലോ മാത്രമാണ്. അനങ്ങാന്‍ പോലുമാവാതെ നിശ്ചലാവസ്ഥയില്‍ കഴിഞ്ഞ് നരകതുല്യമായ ജീവിതം ആണ് ഇപ്പോള്‍ നയിക്കുന്നത്. ഗാസി സലാ എന്നാണ് ഈ കുരുന്നിന്റെ പേര്.

യെമനിലെ ആഭ്യന്തരയുദ്ധമാണ് സലായെ കണ്ണീര്‍ കാഴ്ചയാക്കി മാറ്റിയത്. പട്ടിണി രൂക്ഷമായതോടെ ആരോഗ്യസ്ഥിതിയും വഷളായി. കണ്ണുകള്‍ തുറക്കാന്‍ പോലും ശേഷിയില്ല ഈ ബാലന്. സലായുടെ പ്രായമുള്ള പതിനായിരക്കണക്കിന് കുരുന്നുകള്‍ പട്ടിണി മൂലമുള്ള ദുരിതത്തിലാണ്. പോഷകാഹാരക്കുറവ് മൂലം ദുരിതമനുഭവിക്കുന്ന പിഞ്ചുകുഞ്ഞുങ്ങളും സലായെ ചികിത്സിക്കുന്ന ആശുപത്രിയിലുണ്ട്. ഭക്ഷണം കഴിക്കാന്‍ പോലുമുള്ള ആരോഗ്യമില്ലാതായതോടെ പലര്‍ക്കും ട്യൂബ് വഴിയും സിറിഞ്ച് വഴിയുമാണ് ആഹാരം നല്‍കുന്നത്.

യുഎന്‍ കണക്കുകള്‍ പ്രകാരം പട്ടിണിയുടെ ഇരകളായ 14 ദശലക്ഷം മനുഷ്യരില്‍ പകുതിയോളം കുരുന്നുകളാണ്. 4.5 ദശലക്ഷം കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാനാകുന്നില്ല. 2500 സ്‌കൂളുകള്‍ യുദ്ധത്തില്‍ തകര്‍ക്കപ്പെട്ടു. പാതി തകര്‍ന്നവയും മറ്റും വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്കുള്ള അഭയകേന്ദ്രങ്ങളായി മാറി. ഈ യുദ്ധമൊന്ന് അവസാനിച്ചിരുന്നെങ്കില്‍ എന്നാണ് ഇവിടുത്തെ ഓരോ സാധാരണക്കാരനും ആഗ്രഹിക്കുന്നത്. എന്നാല്‍ ഓരോ ദിവസവും ജനങ്ങളുടെ അവസ്ഥ കൂടുതല്‍ ദുരിതപൂര്‍ണമാവുകയാണ്. 2015ല്‍ ആരംഭിച്ച ആഭ്യന്തരയുദ്ധം യെമനില്‍ അതിരൂക്ഷമായി തുടരുകയാണ്.

Exit mobile version