ഇമ്രാന്‍ഖാന്‍ രാജിവയ്ക്കണമെന്ന് ആവശ്യം; പാകിസ്താനില്‍ ആസാദിമാര്‍ച്ച്

പ്രമുഖ മതസംഘടനയായ ജാമിയത്ത് ഉലെമ ഇ ഇസ്‌ലാം ഫസല്‍ (ജെയുഎല്‍എഫ്) നേതാവ് മൗലാന ഫസലുര്‍ റഹ്മാന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ച ഇസ്ലാമാബാദില്‍ നടന്ന റാലിയില്‍ ലക്ഷങ്ങള്‍ പങ്കെടുത്തു.

ഇസ്ലാമാബാദ്: ഇമ്രാന്‍ഖാന്‍ സര്‍ക്കാരിന്റെ രാജി ആവശ്യപ്പെട്ട് പാകിസ്താനില്‍ പ്രതിപക്ഷകക്ഷികളുടെ പ്രതിഷേധറാലി. പ്രമുഖ മതസംഘടനയായ ജാമിയത്ത് ഉലെമ ഇ ഇസ്‌ലാം ഫസല്‍ (ജെയുഎല്‍എഫ്) നേതാവ് മൗലാന ഫസലുര്‍ റഹ്മാന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ച ഇസ്ലാമാബാദില്‍ നടന്ന റാലിയില്‍ ലക്ഷങ്ങള്‍ പങ്കെടുത്തു.

രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയും കാശ്മീര്‍ വിഷയവും കത്തിനില്‍ക്കെ ഇമ്രാന്‍ സര്‍ക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നതാണ് ഈ പ്രതിഷേധറാലി. ഒക്ടോബര്‍ 27-ന് സിന്ധ് പ്രവിശ്യയിലെ കറാച്ചിയിലുള്ള സോഹ്രാബ് ഗോതില്‍ നിന്നാരംഭിച്ച റാലി അഞ്ചാംദിവസമാണ് അന്തിമകേന്ദ്രമായ പെഷാവര്‍ മോറിലെത്തിയത്.

അതേസമയം, പ്രതിപക്ഷപാര്‍ട്ടികളായ പാകിസ്താന്‍ മുസ്‌ലിംലീഗ്-നവാസും (പിഎംഎല്‍എന്‍) പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിയും (പിപിപി.) മാര്‍ച്ചിനെ പിന്തുണച്ചു. 2018ലെ തെരഞ്ഞെടുപ്പില്‍ കൃത്രിമം നടത്തിയാണ് ഇമ്രാന്‍ഖാന്‍ അധികാരത്തിലെത്തിയതെന്നാണ് പ്രതിഷേധകാരുടെ ആരോപണം.

സൈന്യത്തിന്റെ പിന്തുണയോടെ പ്രധാനമന്ത്രിയായതു മുതല്‍ ഇമ്രാന്‍ ഈ ആരോപണം നേരിടുന്നുണ്ട്. കടുത്ത സാമ്പത്തികപ്രതിസന്ധി നേരിടുന്ന പാകിസ്താനില്‍ വര്‍ധിക്കുന്ന ധനക്കമ്മിയും പണപ്പെരുപ്പവും പിടിച്ചുനിര്‍ത്താന്‍ ഇമ്രാന്‍സര്‍ക്കാരിന് കാര്യക്ഷമതയില്ലെന്നും അവര്‍ ആരോപിക്കുന്നു.

Exit mobile version