പാകിസ്താനിലെ ട്രെയിനിലുണ്ടായ തീപിടുത്തം; മരണം 65 ആയി, അപകടത്തിന് വഴിവെച്ചത് പാചകം, യാത്രക്കാര്‍ എടുത്ത് ചാടിയത് ദുരന്തത്തിന്റെ ആക്കം കൂട്ടി

പഞ്ചാബ് പ്രവിശ്യയിലെ റഹീം യാര്‍ ഖാന്‍ പട്ടണത്തിന് സമീപത്ത് വെച്ചാണ് ട്രെയിനില്‍ തീപിടിച്ചത്.

ഇസ്ലാമാബാദ്: പാകിസ്താനില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് തീപിടിച്ച സംഭവത്തില്‍ മരണം 65 ആയി. നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം തിപിടുത്തം കണ്ട് ട്രെയിനില്‍ നിന്ന് എടുത്ത് ചാടിയവരും ഉണ്ട്. ഇത് ദുരന്തത്തിന്റെ ആക്കം കൂട്ടുകയുമാണ് ചെയ്തതെന്ന് സംഭവത്തില്‍ റെയില്‍വേ മന്ത്രി ശൈഖ് റാഷിദ് അഹമ്മദ് പ്രതികരിച്ചു.

പഞ്ചാബ് പ്രവിശ്യയിലെ റഹീം യാര്‍ ഖാന്‍ പട്ടണത്തിന് സമീപത്ത് വെച്ചാണ് ട്രെയിനില്‍ തീപിടിച്ചത്. ട്രെയിനിലെ ഒരു യാത്രക്കാരന്‍ ഗ്യാസ് അടുപ്പ് ഉപയോഗിച്ച് ഭക്ഷണം പാചകം ചെയ്യുന്നതിനിടെയാണ് തീപിടിച്ചതെന്നാണ് ലഭിക്കുന്ന വിവരം. മൂന്ന് ബോഗികളാണ് പൂര്‍ണ്ണമായും കത്തി നശിച്ചത്.

രണ്ട് അടുപ്പുകളാണ് പൊട്ടിത്തെറിച്ചതെന്നും വിവരമുണ്ട്. അതേസയം പാചകത്തിന് ഉപയോഗിച്ച എണ്ണയ്ക്ക് തീപ്പിടിച്ചതും അപകടത്തിന്റെ ആക്കം കൂട്ടുകയും ചെയ്തു. പാകിസ്താനില്‍ ദീര്‍ഘദൂര യാത്രകളില്‍ ആളുകള്‍ ട്രെയിനില്‍ വെച്ച് പാചകം ചെയ്യുക സാധാരണമാണ്. ഇതിനായി ഗ്യാസ്, മണ്ണെണ്ണ അടുപ്പുകളും ഇവര്‍ കരുതാറുണ്ട്.

Exit mobile version