കടലില്‍ നീന്തുന്നതിനിടെ അടിവയറ്റില്‍ തിരണ്ടിവാല്‍ കൊണ്ട് കുത്തേറ്റു! യുവാവിന് ദാരുണാന്ത്യം

കുത്തേറ്റ ഉടനെ ഇയാളെ സുഹൃത്തുക്കള്‍ കടലില്‍ നിന്ന് കരയിലെത്തിച്ചുവെങ്കിലും മരിച്ചിരുന്നു.

സിഡ്നി: കടലില്‍ നീന്തുന്നതിനിടെ തിരണ്ടി മത്സ്യത്തിന്റെ വാല്‍ കൊണ്ട് അടിവയറ്റില്‍ കുത്തേറ്റ യുവാവിന് ദാരുണാന്ത്യം. കുത്തേറ്റ ഇയാള്‍ക്ക് ഹൃദയാഘാതം ഉണ്ടായതിനാല്‍ വളരെ വേഗം കരയിലെത്തിച്ച് തിരണ്ടി വിഷത്തിനെതിരെ പ്രാഥമികശുശ്രൂഷ നല്‍കാന്‍ കഴിയാതിരുന്നതാണ് ഇയാളുടെ മരണത്തിന് കാരണമായതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കുത്തേറ്റ ഉടനെ ഇയാളെ സുഹൃത്തുക്കള്‍ കടലില്‍ നിന്ന് കരയിലെത്തിച്ചുവെങ്കിലും മരിച്ചിരുന്നു. ടാസ്മാനിയയിലെ ഹൊബാര്‍ട്ടില്‍ നിന്ന് 23 കിലോമീറ്റര്‍ അകലെ ലോഡെര്‍ഡെയ്ല്‍ ബീച്ചില്‍ ശനിയാഴ്ച ഉച്ചയ്ക്കു ശേഷമാണ് സംഭവം. അടിവയറ്റിലാണ് ഇയാള്‍ക്ക് കുത്തേറ്റത്. തിരണ്ടിവാലില്‍ നിന്നുണ്ടാകുന്ന തരത്തിലുള്ള മുറിവാണിതെന്നും കൂടുതല്‍ പരിശോധനയ്ക്കു ശേഷമേ വ്യക്തത കൈവരികയുള്ളുവെന്ന് ടാസ്മാനിയ പോലീസ് സീനിയര്‍ കോണ്‍സ്റ്റബിള്‍ ബ്രെറ്റ് ബോവറിങ് മാധ്യമങ്ങളോട് പറഞ്ഞു.

ഉഷ്ണമേഖലാപ്രദേശത്തെ കടല്‍ജലത്തിലാണ് തിരണ്ടി മത്സ്യങ്ങള്‍ സാധാരണ കാണപ്പെടുന്നത്. ഈ മത്സ്യം മനുഷ്യരെ ആക്രമിക്കുന്നത് പതിവല്ല. പത്തുകൊല്ലം മുമ്പ് ക്രോക്കഡൈല്‍ ഹണ്ടര്‍ എന്ന പേരില്‍ പ്രശസ്തനായ സ്റ്റീവ് ഇര്‍വിന്‍ നെഞ്ചില്‍ തിരണ്ടിവാല്‍ കൊണ്ട് കുത്തേറ്റ് മരിച്ചതാണ് ഇതിനു മുന്‍പുണ്ടായ ഇത്തരത്തിലുള്ള മരണം. സ്വയം രക്ഷിക്കാനുള്ള സാഹചര്യത്തില്‍ മാത്രമേ തിരണ്ടികള്‍ തിരിച്ചാക്രമിക്കാറുള്ളൂ.

Exit mobile version