സൗഹൃദത്തില്‍ സിഗരറ്റ് ചോദിച്ച് എത്തി; മടങ്ങിയത് കൈയില്‍ കിടന്ന ആറു കോടിയുടെ വാച്ചും മോഷ്ടിച്ച്

പാരിസിലെ നെപ്പോളിയന്‍ എന്ന ഫൈവ്സ്റ്റാര്‍ ഹോട്ടലിന് സമീപത്തുവെച്ച് തിങ്കളാഴ്ചയാണ് നാടകീയ സംഭവം നടന്നത്.

പാരിസ്: സൗഹൃദം സ്ഥാപിച്ച് സിഗരറ്റ് ചോദിച്ചെത്തിയ യുവാവ് കവര്‍ന്നത് ആറു കോടിയുടെ വാച്ചും. ഫ്രാന്‍സിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലിന് പുറത്തുവെച്ചാണ് ജപ്പാന്‍കാരന്റെ ആറ് കോടി വിലവരുന്ന വാച്ച് മോഷ്ടിച്ചത്. പാരിസിലെ നെപ്പോളിയന്‍ എന്ന ഫൈവ്സ്റ്റാര്‍ ഹോട്ടലിന് സമീപത്തുവെച്ച് തിങ്കളാഴ്ചയാണ് നാടകീയ സംഭവം നടന്നത്.

ജപ്പാന്‍കാരനായ യുവാവ് അല്‍പം നടക്കുന്നതിനും സിഗരറ്റ് വലിക്കുന്നതിനുമായി ഹോട്ടലിന് പുറത്തിറങ്ങി. ഇതിനിടെ സിഗരറ്റ് ചോദിച്ച് മറ്റൊരാള്‍ എത്തി. ഉടനെ പോക്കറ്റില്‍ നിന്നും സിഗരറ്റെടുത്ത് നീട്ടുന്നതിനിടെ ഇയാളുടെ കൈത്തണ്ടയില്‍ നിന്ന് വാച്ച് ഊരിയെടുത്ത് കടന്നു കളയുകയായിരുന്നു. 770,000 യൂറോ (ഏകദേശം ആറ് കോടി) വിലവരുന്ന റിച്ചാര്‍ഡ് മില്‍ വാച്ചാണ് യുവാവിന് നഷ്ടപ്പെട്ടത്.

രത്നങ്ങള്‍ പതിപ്പിച്ച അപൂര്‍വ വാച്ചായിരുന്നു അത്. വാച്ച് പ്രേമികള്‍ക്കിടയില്‍ താരമാണ് ഈ വാച്ച്. വിലപിടിപ്പുള്ള വാച്ചുകള്‍ മോഷ്ടിക്കുന്ന സംഘം പാരീസില്‍ വ്യാപകമാണെന്നും ഈ വര്‍ഷം മാത്രം ഇത്തരം 71 വാച്ച് മോഷണങ്ങള്‍ നടന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഈ റിപ്പോര്‍ട്ടിനു പിന്നാലെയാണ് വാച്ച് മോഷണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ജപ്പാന്‍കാരന്റെ വാച്ച് മോഷ്ടിച്ച് കടന്നുകളഞ്ഞയാളുടേത് എന്ന് കരുതുന്ന ഒരു മൊബൈല്‍ ഫോണ്‍ സംഭവ സ്ഥലത്തു നിന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടത്തി വരികയാണെന്ന് അധികൃതര്‍ അറിയിച്ചു.

Exit mobile version