അഞ്ച് ദിവസത്തേയ്ക്ക് തുണികള്‍ അലക്കരുത്; വിലക്ക് ഏര്‍പ്പെടുത്തി സര്‍ക്കാര്‍, പ്രതിസന്ധിയില്‍ ജനങ്ങള്‍

ഒക്ടോബര്‍ 11 വരെയാണ് വിലക്ക്.

നോര്‍ത്ത് കരോലിന: വസ്ത്രങ്ങള്‍ അലക്കുന്നതിന് അഞ്ച് ദിവസത്തേയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തി സര്‍ക്കാര്‍. അമേരിക്കയിലെ നോര്‍ത്ത് കരോലിനയിലായിലെ സര്‍ഫ് സിറ്റിയിലാണ് വിചിത്രമായ സംഭവം നടന്നത്. വെള്ളത്തിലുള്ള ഇരുമ്പിന്റെ അംശമാണ് ഇതിന് കാരണവും. വിലക്ക് ഏര്‍പ്പെടുത്തി ഇന്ന് നാലാം ദിവസം പിന്നിടുകയാണ്. എന്നാല്‍ വസ്ത്രം കുമിഞ്ഞു കൂടി പൊറുതി മുട്ടിയിരിക്കുകയാണ് ജനങ്ങള്‍.

ഒരു ദിവസം കൂടി എങ്ങനെ തള്ളി നീക്കും എന്ന ആശങ്കയും ഇവര്‍ക്ക് ഉണ്ട്. ഒക്ടോബര്‍ 11 വരെയാണ് വിലക്ക്. വെള്ളത്തില്‍ ഇരുമ്പിന്റെ അംശം അധികമായി കണ്ടെത്തിയത് അടുത്തിടെയാണ്‌. ശേഷമാണ് സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ വെള്ളത്തിലെ ഇരുമ്പിന്റെ അംശം വേഗത്തില്‍ സാധാരണ നിലയിലാക്കാനുള്ള ശ്രമം നടത്തുകയാണ്.

ഉടന്‍ തന്നെ പ്രശ്‌നം പരിഹരിക്കാനാകും എന്ന പ്രതീക്ഷയിലാണ് അധികൃതര്‍. അതേസമയം ഈ വെള്ളം കുടിക്കാനും കുളിക്കാനും ഭക്ഷണം പാകം ചെയ്യാനും ഉപയോഗിക്കുന്നതില്‍ തടസമില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. അത് തന്നെ വലിയ ആശ്വാസമെന്ന് ജനങ്ങള്‍ പറയുന്നു. ഇരുമ്പിന്റെ അംശം കൂടുതലുള്ള ജലത്തില്‍ വസ്ത്രങ്ങള്‍ അലക്കിയാല്‍ കേടുവരാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് സര്‍ക്കാര്‍ ഈ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്.

Exit mobile version