കാലിഫോര്‍ണിയയിലെ കാട്ടു തീ; മരണം 70 കടന്നു, 1000 പേരെ കാണാനില്ല! നഗരത്തില്‍ ബാക്കിയായത് കരിയും ചാരവും, കണ്ണീര്‍ കാഴ്ച

മരണസംഖ്യ ഇനിയും ഉയരുമെന്നാണ് ലഭിക്കുന്ന വിവരം.

കാലിഫോര്‍ണിയ: ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കാട്ടിതീയില്‍ ഇതുവരെ വെന്തുമരിച്ചത് 70 പേര്‍. ആയിരത്തിലധികം ആളുകളെ കാണാതായി. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് ലഭിക്കുന്ന വിവരം. ദുരന്തത്തില്‍ അഭയാര്‍ത്ഥികളായവരെ വിവിധ ക്യാമ്പുകളില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തകര്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

കാണാതായവരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്ന സൂചനയാണ് നല്‍കുന്നത്. കാലിഫോര്‍ണിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തീപിടിത്തത്തില്‍ പാരഡൈസ് നഗരത്തില്‍ അവശേഷിച്ചത് കരിയും ചാരവും മാത്രമാണ്. എവിടെയും കണ്ണീര്‍ കാഴ്ചകള്‍ മാത്രം ബാക്കി. വെള്ളിയാഴ്ചയോടെ 45 ശതമാനം തീ അണയ്ക്കാനായെന്നും ഇതുവരെ 142,000 ഏക്കര്‍ വിസ്തൃതിയില്‍ തീ കത്തിപ്പടര്‍ന്നതായും അധികൃതര്‍ അറിയിച്ചു.

വീടുകളുള്‍പ്പെടെ 12,000ത്തോളം കെട്ടിടങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചു. തീപിടിത്തത്തെ തുടര്‍ന്ന് വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ ഏറെക്കുറെ തകര്‍ന്ന നിലയിലാണുള്ളത്. മൊബൈല്‍ നെറ്റ്‌വര്‍ക്ക് കവറേജ് കുറഞ്ഞ സാഹചര്യത്തില്‍ ദുരിത ബാധിതരുമായി ബന്ധപ്പെടാന്‍ കഴിയാത്തത് രക്ഷാപ്രവര്‍ത്തനത്തെ ദുഷ്‌കരമായി ബാധിക്കുന്നുണ്ട്.

Exit mobile version