വീശിയടിച്ച ചുഴലിക്കാറ്റില്‍ തകര്‍ന്ന കെട്ടിടത്തില്‍ നായ്ക്കുട്ടി കിടന്നത് ഒരു മാസം; ഒടുവില്‍ അത്ഭുത രക്ഷപ്പെടല്‍

ഇത് അത്ഭുത സംഭവം തന്നെയാണെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു.

ന്യൂയോര്‍ക്ക്: വെള്ളവും ഭക്ഷണവും ഇല്ലാതെ ഒരു മാസം കെട്ടിടത്തില്‍ കിടന്ന നായക്കുട്ടിക്ക് അത്ഭുത രക്ഷപ്പെടല്‍. കഴിഞ്ഞ മാസം അമേരിക്കയിയില്‍ വീശിയടിച്ച ഡോറിയന്‍ ചുഴലിക്കാറ്റില്‍ തകര്‍ന്ന കെട്ടിടത്തിനടിയില്‍പ്പെട്ടുപോവുകയായിരുന്നു. ചുഴലിക്കാറ്റില്‍ 50 പേര്‍ മരിച്ചിരുന്നു. മരിച്ചവരുടെ മൃതദേഹം കണ്ടെത്താന്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് എല്ലും തോലുമായ നായ്ക്കുട്ടിയെ കണ്ടെത്തിയത്.

ഏകദേശം അര മൈല്‍ ദൂരം ഇഴഞ്ഞുനീങ്ങി, ഓക്‌സിജന്‍ സിലിണ്ടര്‍ സഹായത്തോടെ വന്‍ സന്നാഹവുമായി നായ്ക്കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. അപകടം നടന്ന സ്ഥലത്ത് നിന്ന് ശുദ്ധവായു പോലും ലഭിക്കാത്ത, ഇലക്ട്രോണിക് സാധനങ്ങള്‍ അടിഞ്ഞുകൂടിയ അപകടകരമായ ഇടത്തില്‍ ഒരുവയസ്സ് മാത്രമുള്ള നായ്ക്കുട്ടിയെ കണ്ടെത്തിയത്. ഇത് അത്ഭുത സംഭവം തന്നെയാണെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു.

പട്ടിണികിടന്ന് ക്ഷീണിച്ചിട്ടുണ്ടെങ്കിലും മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഈ മിണ്ടാപ്രാണിക്ക് ഇല്ല. ചികിത്സക്കായി ആശുപത്രിയിലേക്ക് നായക്കുട്ടിയെ മാറ്റി. നായ്ക്കുട്ടിയുടെ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തെളിവുകളോടെ ഉടമസ്ഥര്‍ എത്തിയാല്‍ തിരിച്ചേല്‍പ്പിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. മറ്റൊരു നായയെയും സമാനമായ സാഹചര്യത്തില്‍ കണ്ടെത്തിയെങ്കിലും പുറത്തെടുത്തപ്പോഴേക്കും ചത്തുവെന്ന് ഇവര്‍ പറയുന്നു.

Exit mobile version