വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ കൊട്ടാരത്തിലെ ക്ലോസറ്റ് മോഷണം പോയി; നഷ്ടപ്പെട്ടത് സ്വര്‍ണ്ണം കൊണ്ട് നിര്‍മ്മിച്ച ക്ലോസറ്റ്!

ശനിയാഴ്ച വെളുപ്പിന് 4.57 നാണ് തേംസ് വാലി പോലീസിന് ക്ലോസ്റ്റ് മോഷണം പോയെന്ന പരാതി ലഭിക്കുന്നത്.

ഇംഗ്ലണ്ട്: ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ കൊട്ടാരത്തിലെ ക്ലോസറ്റ് മോഷണം പോയി. ചര്‍ച്ചിലിന്റെ ജന്മസ്ഥലമായ ബ്ലെന്‍ഹെയിം കൊട്ടാരത്തില്‍ പ്രദര്‍ശനത്തിന് വെച്ച സ്വര്‍ണ്ണത്തിന്റെ ക്ലോസറ്റാണ് മോഷണം പോയത്. ഇംഗ്ലണ്ടിലെ ഓക്‌സ്‌ഫോര്‍ഡ്ഷയറിലുള്ള കൊട്ടാരത്തിനുള്ളില്‍ നിന്നാണ് 18 കാരറ്റ് സ്വര്‍ണ്ണം കൊണ്ട് നിര്‍മ്മിച്ച ക്ലോസറ്റ് കവര്‍ന്നത്. സംഭവത്തില്‍ 66കാരനെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.

ഇറ്റാലിയന്‍ ആര്‍ട്ടിസ്റ്റായ മൗരിസോ കാറ്റെലന്റെ ‘വിക്ടറി ഈസ് നോട്ട് ആന്‍ ഓപ്ഷന്‍’ എന്ന് പേരിട്ട പ്രദര്‍ശനത്തിന്റെ ഭാഗമായാണ് സ്വര്‍ണ്ണ ക്ലോസറ്റ് കാണാന്‍ ജനങ്ങള്‍ക്ക് അവസരം നല്‍കിയത്. വ്യാഴാഴ്ച പ്രദര്‍ശനത്തില്‍ പൊതുജനങ്ങളെയും പ്രവേശിപ്പിച്ചു. ബാക്കിയുള്ള ദിവസങ്ങളില്‍ കൊട്ടാരം അടച്ചിട്ടിരുന്നെന്നും കൊട്ടാരം വക്താവ് ട്വിറ്ററില്‍ കുറിച്ചു. ഇതിനു പിന്നാലെയാണ് ക്ലോസറ്റ് മോഷണം പോയത്.

ശനിയാഴ്ച വെളുപ്പിന് 4.57 നാണ് തേംസ് വാലി പോലീസിന് ക്ലോസ്റ്റ് മോഷണം പോയെന്ന പരാതി ലഭിക്കുന്നത്. 4.50-തിന് മോഷ്ടാക്കള്‍ കൊട്ടാരത്തില്‍ നിന്നും പുറത്തു കടന്നതായാണ് വിവരം. രണ്ട് വാഹനങ്ങളിലായെത്തിയ ഒരു കൂട്ടം മോഷ്ടാക്കളാണ് കൃത്യം നടത്തിയതെന്നാണ് ലഭിക്കുന്ന വിവരം. ക്ലോസറ്റ് ഇതുവരെ കണ്ടെത്താനായില്ലെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി വരികയാണെന്നും അധികൃതര്‍ പറയുന്നു.

Exit mobile version