നഗരത്തില്‍ കാല്‍നടക്കാര്‍ക്ക് നിരോധനം; നാലു ജോഡി കാലുകളില്‍ നടക്കുന്ന ബസ് ഇറക്കി ‘ബുദ്ധിമാന്‍മാര്‍’! സമൂഹമാധ്യമങ്ങളില്‍ ചിരിയുണര്‍ത്തി വീഡിയോ

ബസിന്റെ മാതൃകയുണ്ടാക്കി അതിനുള്ളില്‍ കടന്ന് നാലുപേരും ഒന്നിച്ച് നടക്കുന്നത് കാണേണ്ട കാഴ്ചയാണ്.

മോസ്‌കോ: നഗരത്തില്‍ കാല്‍നടക്കാര്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയപ്പോള്‍ അതിന് ബുദ്ധിമാന്‍മാരുടെ പരിഹാരമാണ് ഇന്ന് സോഷ്യല്‍മീഡിയ ചര്‍ച്ച ചെയ്യുന്നത്. റഷ്യയിലെ ഗോള്‍ഡന്‍ ബ്രിഡ്ജ് കടക്കാനാണ് കാല്‍നടക്കാര്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. ഇവിടെയാണ് നാല് പേരുടെ കുബുദ്ധി പ്രവര്‍ത്തിച്ചത്. തിങ്കളാഴ്ചയാണ് യൂട്യൂബില്‍ വീഡിയോ പോസ്റ്റ് ചെയ്തത്.

ബസിന്റെ മാതൃകയുണ്ടാക്കി അതിനുള്ളില്‍ കടന്ന് നാലുപേരും ഒന്നിച്ച് നടക്കുന്നത് കാണേണ്ട കാഴ്ചയാണ്. നാലു ജോഡി കാലുകളുള്ള മഞ്ഞനിറമുള്ള ബസ് നടന്നുപോകുന്നത് രസകരമായ കാഴ്ചയാണ്. വ്ളാഡിവസ്റ്റോക്കിലെ സോളോടോയി പാലം ഗോള്‍ഡന്‍ പാലമെന്നും അറിയപ്പെടുന്നു. 2015 മുതല്‍ പാലത്തിലൂടെ വാഹനങ്ങള്‍ക്ക് മാത്രമേ യാത്രാനുമതിയുള്ളൂ.

കാല്‍നടക്കാര്‍ക്ക് അനുവാദമില്ലാത്ത പാലത്തില്‍ നടന്ന ഇവരെ പാലത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ തടഞ്ഞുനിര്‍ത്തി. വാഹനങ്ങളില്‍ യാത്രചെയ്തിരുന്നവര്‍ക്ക് അമ്പരപ്പും ചിരിയുമുണര്‍ത്തിയ സംഭവം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ആയിരക്കണക്കിനാളുകള്‍ കണ്ട വീഡിയോയ്ക്ക് ധാരാളം ലൈക്കും ഷെയറും ചുരുങ്ങിയ ദിവസത്തിനുള്ളില്‍ ലഭിച്ചു കഴിഞ്ഞു.

Exit mobile version