ചാവി തിരയുന്നതിനിടെ വര്‍ഷങ്ങള്‍ മുന്‍പ് കാണാതെ പോയ നോക്കിയ 3310 കണ്ടുകിട്ടി; ഓണ്‍ ചെയ്ത് നോക്കിയപ്പോള്‍ 70 ശതമാനം ചാര്‍ജ്!

മുന്‍കാല ജനറേഷന്‍ പൂണ്ടുവിളയാടിയത് ഈ ഫോണില്‍ തന്നെയായിരുന്നു.

മൊബൈല്‍ ഫോണ്‍ യുഗത്തിലാണ് ഇന്ന് നമ്മുടെ ലോകം. ഊണും ഉറക്കവും ഇല്ലെങ്കിലും മൊബൈല്‍ ഫോണ്‍ ഒരു നിമിഷം അടുത്തില്ലെങ്കില്‍ നാം അസ്വസ്ഥരാകും എന്നതില്‍ സംശയമില്ല. കാലം വളരുന്നതിനനുസരിച്ച് സാങ്കേതിക വിദ്യകള്‍ നിറഞ്ഞ മൊബൈലുകളും അനവധിയാണ് വിപണിയില്‍ ഇറങ്ങുന്നത്. എന്നാല്‍ മൊബൈല്‍ഫോണ്‍ യുഗത്തിന്റെ ആരംഭഘട്ടത്തില്‍ നിറഞ്ഞു നിന്നത് നോക്കിയ തന്നെയാണ്. വിശേഷിച്ച് നോക്കിയ 3310.

മുന്‍കാല ജനറേഷന്‍ പൂണ്ടുവിളയാടിയത് ഈ ഫോണില്‍ തന്നെയായിരുന്നു. കാലപഴക്കം ചെന്നതുപോലെ തന്നെ ആ ഫോണിനോടുള്ള പ്രിയം കുറഞ്ഞു കുറഞ്ഞു വന്നു. എന്നാല്‍ ആ ഫോണിന്റെ ഏറ്റവും വിലയ പ്രത്യേക നേരില്‍ കണ്ടിരിക്കുകയാണ് ഇംഗ്ലണ്ടിലെ എല്ലിസ്മിയര്‍ പോര്‍ട്ട് സ്വദേശിയായ കെവിന്‍. കാണാതായ ഒരു ചാവി തിരയുന്നതിനിടയിലാണ് വര്‍ഷങ്ങള്‍ മുന്‍പ് കാണാതെ പോയ നോക്കിയ ഫോണ്‍ കണ്ടു കിട്ടിയത്. ഒരു കൗതുകത്തിന് ഫോണ്‍ സ്വിച്ച് ഓണ്‍ ചെയ്യാന്‍ ശ്രമിച്ച കെവിന്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി. വര്‍ഷങ്ങളോളം ഉപയോഗിക്കാതെ കിടന്ന ഫോണ്‍ ഓണ്‍ ആയി.

അതു മാത്രമല്ല, അമ്പരപ്പിച്ചത് മറ്റൊന്നായിരുന്നു. ഫോണില്‍ 70 ശതമാനം ചാര്‍ജാണ് ഉണ്ടായിരുന്നത്. എപ്പോഴാണ് ഈ ഫോണ്‍ അവസാനം ചാര്‍ജ് ചെയ്തതെന്നോ ഇതിന്റെ ചാര്‍ജര്‍ ഇപ്പോള്‍ എവിടെയാണെന്നോ കെവിന്‍ ഇപ്പോള്‍ ഓര്‍ക്കുന്നില്ല. കാലത്ത് ചാര്‍ജ് ചെയ്താല്‍ രാത്രി ചാര്‍ജ് ചെയ്യേണ്ടി വരുന്ന ഇന്നത്തെ കാലത്തെ സ്മാര്‍ട്ട് ഫോണുകള്‍ വെച്ച് നോക്കുമ്പോള്‍ നോക്കിയ എന്നും ഒരുപടി മുകളില്‍ നില്‍ക്കുന്നു എന്ന് സാക്ഷ്യപ്പെടുത്തുകയാണ് ഈ സംഭവം.

Exit mobile version