വജ്രം തിരിച്ചറിയാനുള്ള വീഡിയോ കണ്ടു; യു ട്യൂബില്‍ നിന്ന് കണ്ണെടുത്ത് ചുറ്റും നോക്കുന്നതിനിടയില്‍ യുവതിക്ക് കണ്‍മുന്‍പില്‍ തെളിഞ്ഞത് ഒറിജിനല്‍ വജ്രം, അമ്പരപ്പ്

യുഎസിലെ അര്‍ക്കനാസിലെ ക്രേറ്റര്‍ ഓഫ് ഡയമണ്ട് സ്റ്റേറ്റ് പാര്‍ക്ക് സന്ദര്‍ശനത്തിനെത്തിയതായിരുന്നു മിറാന്‍ഡ.

വാഷിംഗ്ടണ്‍: വജ്രം തിരിച്ചറിയാനുള്ള വീഡിയോ കണ്ട യുവതിക്ക് മുന്‍പില്‍ തെളിഞ്ഞത് ഒറിജിനല്‍ വജ്രം. പാര്‍ക്ക് സന്ദര്‍ശനത്തിനെത്തിയ മിറാന്‍ഡ ഹോളിങ്ഷീഡ് എന്ന യുവതിക്കാണ് അപൂര്‍വ്വ ഭാഗ്യം കൈവന്നത്. വജ്രമെങ്ങനെ തിരിച്ചറിയാമെന്ന് വിശദീകരിക്കുന്ന യൂട്യൂബ് വീഡിയോ കണ്ട് തീര്‍ന്നപ്പോഴാണ് മിറാന്‍ഡയുടെ കണ്‍മുന്‍പില്‍ വജ്രം തെളിഞ്ഞത്.

യുഎസിലെ അര്‍ക്കനാസിലെ ക്രേറ്റര്‍ ഓഫ് ഡയമണ്ട് സ്റ്റേറ്റ് പാര്‍ക്ക് സന്ദര്‍ശനത്തിനെത്തിയതായിരുന്നു മിറാന്‍ഡ. പൊതുജനങ്ങള്‍ക്ക് പ്രവേശനമുള്ള ലോകത്തിലെ ഒരേയൊരു വജ്രഖനിയാണ് ക്രേറ്റര്‍ ഓഫ് ഡയമണ്ട് സ്റ്റേറ്റ് പാര്‍ക്ക്. നിരവധി സന്ദര്‍ശകര്‍ ഈ പാര്‍ക്കിലെത്താറുണ്ട്. ഇവിടെ വജ്രങ്ങള്‍ക്കായി തിരച്ചില്‍ നടത്തുന്നത് സന്ദര്‍ശകരുടെ പതിവാണ്. അതുപോലെ തന്നെ എത്തിയതായിരുന്നു മിറാന്‍ഡയും. യുട്യൂബ് വീഡിയോ കണ്ട ശേഷം ചുറ്റും നോക്കുന്നതിനിടെയാണ് തിളങ്ങുന്ന വജ്രം കണ്ണില്‍ പെട്ടതെന്ന് മിറാന്‍ഡ പറയുന്നു.

പാറക്കഷണങ്ങള്‍ക്കിടയില്‍ കിടന്ന മഞ്ഞ നിറമുള്ള വസ്തു വജ്രമാണെന്ന് തിരിച്ചറിയാന്‍ നിമിഷങ്ങള്‍ വേണ്ടി വന്നെന്ന് ഇവര്‍ കൂട്ടിച്ചേര്‍ത്തു. അടുത്ത ദിവസങ്ങളില്‍ ഉണ്ടായ മഴ കാരണമാകാം വജ്രം കണ്‍മുന്നിലെത്തിയതെന്ന് പാര്‍ക്കിലെ ജീവനക്കാരനും പറയുന്നു. മഴയെ തുടര്‍ന്ന് ഉണങ്ങിയ ഇലകളും മേല്‍മണ്ണും ഒലിച്ചു പോകുന്നതിനൊപ്പം ചെറിയ വജ്രത്തരികളും ഒഴുകിയെത്തുമെന്നും പ്രകാശത്തില്‍ തിളങ്ങുന്നതിനാല്‍ വജ്രത്തെ വേഗം തിരിച്ചറിയാനാവുമെന്നും ജീവനക്കാരന്‍ കൂട്ടിച്ചേര്‍ത്തു. ലാവാശിലകള്‍ രൂപാന്തരം പ്രാപിച്ചാണ് ഈ വജ്രം ഉണ്ടായതെന്ന് അദ്ദേഹം പറയുന്നു. പാര്‍ക്കില്‍ നിന്ന് ലഭിക്കുന്ന രത്നത്തിന്റെ ഉടമസ്ഥാവകാശം അത് കിട്ടുന്ന ആള്‍ക്ക് തന്നെയാണ്.

Exit mobile version