മുഖത്തും കണ്ണിലും നിറഞ്ഞ് മുഴകള്‍; തീറ്റ പോലും എടുക്കാനാവാതെ ദുരിതമനുഭവിച്ച് ഈ മാന്‍പേട, സമൂഹമാധ്യമങ്ങളുടെ കണ്ണു നനയിച്ച് ചിത്രങ്ങള്‍

ഫോട്ടോഗ്രാഫറും മിനസോട്ടയില്‍ നഴ്‌സ് കൂടിയുമായ ജൂലി കാരോവാണ് മാനിന്റെ ദുരിതം ലോകത്തിന് മുന്‍പില്‍ എത്തിച്ചത്.

മിനസോട്ട: അപൂര്‍വ്വ രോഗത്തിന് അടിമയായി തീറ്റ പോലും എടുക്കാനാവാതെ അലഞ്ഞു തിരിഞ്ഞ് നടക്കുന്ന ഒരു മാന്‍പേടയുടെ ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ആദ്യകാഴ്ചയില്‍ തന്നെ മാന്‍പേടയുടെ ദുരിതം ഏവരുടെയും കണ്ണുകളെ ഈറനണിയിക്കും. അമേരിക്കയിലെ മിനസോട്ടയില്‍ നിന്നുള്ളതാണ് ചിത്രങ്ങള്‍.

ഫോട്ടോഗ്രാഫറും മിനസോട്ടയില്‍ നഴ്‌സ് കൂടിയുമായ ജൂലി കാരോവാണ് മാനിന്റെ ദുരിതം ലോകത്തിന് മുന്‍പില്‍ എത്തിച്ചത്. കണ്ണുകളിലും മറ്റും മുഴകള്‍ പ്രത്യക്ഷപ്പെട്ട് മുഖം മുഴുവനും മൂടിപോയിരിക്കുകയാണ് ഈ മിണ്ടാപ്രാണിക്ക്. കൂടാതെ ശരീരത്തിന്റെ പല ഭാഗങ്ങളിലും ഇത്തരം മുഴകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മനുഷ്യരില്‍ കാണുന്ന എച്ച്പിവി രോഗത്തിന് സമാനമാണ് ഈ അവസ്ഥയെന്നാണ് ജൂലി പറയുന്നത്.

കഴുത്തിലും നെഞ്ചിലും കാലുകളിലും പൊട്ടുമെന്ന് തോന്നുന്ന നിലയിലുള്ള നിരവധി മുഴകളാണ് ഈ മാന്‍പേടയുടെ ദേഹത്തുള്ളത്. ചിത്രം മാത്രം പകര്‍ത്തി പോരുക മാത്രമല്ല ചെയ്തത്. പകരം ഈ രോഗത്തിന് ചികിത്സയുണ്ടോയെന്നും മാനിനെ രക്ഷിക്കാന്‍ എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമോയെന്നും ജൂലി അന്വേഷിക്കുന്നുണ്ട്. തൊലിപ്പുറത്ത് കാണുന്ന കാന്‍സറിന്റെ വകഭേദമായ ഫൈബ്രോമാറ്റോസിസിന് മാന്‍ ഇരയാണെന്നാണ് ചിത്രങ്ങള്‍ പരിശോധിച്ച വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

Exit mobile version