ലോലനും ഫുക്രുവും മാത്രമല്ല ഓണ്‍ലൈന്‍ താരങ്ങള്‍; സ്‌കൂളില്‍ നിന്നൊരു ഓണ്‍ലൈന്‍ സൂപ്പര്‍ സ്റ്റാര്‍ ഉണ്ട്, അതേ, ടീച്ചര്‍ യൂട്യൂബിലുണ്ട്

ഏത് നേരവും മൊബൈലില്‍ കുത്തിയിരുന്നത് വീഡിയോ കണ്ടിരിക്കാതെ പഠിക്കാന്‍ നോക്ക് എന്നാണ് ഇവരുടെ മാതാപിതാക്കളും പറയുന്നത്.

തൃശ്ശൂര്‍: സോഷ്യല്‍മീഡിയയില്‍ താരമായി തിളങ്ങി നില്‍ക്കുന്നത് ആരാണെന്ന് ചോദിച്ചാല്‍ ഭൂരിഭാഗത്തിനും പറയാനുള്ളത് കരിക്കിലെ ലോലനും ടിക് ടോകിലെ ഫുക്രുവും ആണ്. എന്നാല്‍ തൃശ്ശൂര്‍ പാവറട്ടിക്കടുത്തുള്ള വെന്മേനാട് എംഎഎസ്എം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ കുട്ടികളുടെ താരം ഒരു ടീച്ചര്‍ ആണ്. അവരുടെ ഇംഗ്ലീഷ് ടീച്ചറായ മേരി കെ സേവ്യര്‍. കേരളത്തില്‍ തന്നെ ആദ്യമായി ഇംഗ്ലീഷ് ഓഡിയോ വിഷ്വല്‍ കവിതകളുടെ യൂട്യൂബ് ചാനലായ ‘മേരീസ് തോട്ട് സ് ആന്‍ഡ് ടോക്സ് ‘ ആരംഭിച്ചത് മേരി ടീച്ചറാണ്. അതുകൊണ്ട് തന്നെ ഈ കുട്ടികളുടെ റോള്‍ മോഡല്‍ മേരി ടീച്ചര്‍ തന്നെയാണ്.

ഏത് നേരവും മൊബൈലില്‍ കുത്തിയിരുന്നത് വീഡിയോ കണ്ടിരിക്കാതെ പഠിക്കാന്‍ നോക്ക് എന്നാണ് ഇവരുടെ മാതാപിതാക്കളും പറയുന്നത്. ടീച്ചര്‍മാരോടുള്ള പരാതിയും അത് തന്നെ. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ തിരിച്ചറിഞ്ഞതോടെ മേരി ടീച്ചറുടെ ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാനാണ് നല്‍കുന്ന ഉപദേശം. കേരളത്തിലെ മഴക്കാലത്തെക്കുറിച്ചു ടീച്ചര്‍ എഴുതിയ ‘ക്ലൗഡ് ബേര്‍സ്റ്റ്’ എന്ന ഇംഗ്ലീഷ് കവിതയുടെ ദൃശ്യാവിഷ്‌കാരമാണ് ‘മേരീസ് തോട്ട് സ് ആന്‍ഡ് ടോക്സിലൂടെ ആദ്യമായി റിലീസ് ചെയ്തത്.

മേരി ടീച്ചര്‍ തന്നെ ആലപിച്ച ഈ കവിത കേരളത്തിലെ മഴയുടെ വിവിധഭാവങ്ങള്‍ വാക്കുകളിലൂടെ അതിമനോഹരമായി ആവിഷ്‌കരിച്ചിരിക്കുന്നുണ്ട്. വായനാശീലം കുറഞ്ഞു വരുന്ന തലമുറയെ വീണ്ടും വാക്കുകളുടെ സൗന്ദര്യത്തിലേക്ക് തിരിച്ചു നടത്താന്‍ ഈ ഓഡിയോ വിഷ്വല്‍ കവിതകളിലൂടെ കഴിയും എന്നുള്ള വിശ്വാസത്തിലാണ് ടീച്ചര്‍. വായിക്കുന്നതിനേക്കാള്‍ കൂടുതല്‍ കാഴ്ച്ചകള്‍ കാണാന്‍ ഇഷ്ടപ്പെടുന്ന ടീച്ചറുടെ കുട്ടികള്‍ക്ക് വേണ്ടി മാത്രമല്ല കേരളത്തിന്റെ മഴയുടെ കാഴ്ചകള്‍ കാണുമ്പോള്‍ മനസിലേക്ക് ഒരായിരം മഴക്കാലങ്ങളുടെ ഓര്‍മ്മകള്‍ ഓടിയെത്തുന്ന പ്രവാസികള്‍ക്ക് കൂടി വേണ്ടിയാണ് മേരി ടീച്ചര്‍ ഈ കവിതക്ക് മഴയുടെ വിവിധ ഭാവങ്ങള്‍ കൂടിക്കലര്‍ന്ന മനോഹരമായ ഒരു വീഡിയോ നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്.

തൃശ്ശൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പരസ്യസ്ഥാപനമായ ഓ ബി ഡബ്ള്യൂവിന്റെ സഹായത്തോടെയാണ് മേരി ടീച്ചറുടെ ക്ലൗഡ് ബേര്‍സ്റ്റ് എന്ന ഓഡിയോ വിഷ്വല്‍ കവിത ഒരുങ്ങിയത്. ആല്‍ബിന്‍ ബിജു, ജിയോ യേശുദാസന്‍, ജോസ്‌കുട്ടി ബേബി എന്നീ മൂന്നു കാമറാമാന്മാരാണ് കേരളത്തിലെ തന്നെ വിവിധ ലൊക്കേഷനുകളില്‍ വച്ച് വീഡിയോക്ക് വേണ്ടി മഴയുടെ ഭൂരിഭാഗം ദൃശ്യങ്ങളും പകര്‍ത്തിയിരിക്കുന്നത്. ആസ്റ്റിന്‍ സണ്ണി, ജിയോ മാത്യു എന്നിവര്‍ക്കായിരുന്നു പോസ്റ്റ് പ്രൊഡക്ഷന്‍ ചുമതല. തൃശ്ശൂര്‍ ചേതന മീഡിയ ഇന്‍സ്റ്റിറ്റ്യൂട്ടിലെ റിച്ചാര്‍ഡ് ജോര്‍ജ് ആണ് കവിതയുടെ സൗണ്ട് ഡിസൈന്‍ നിര്‍വ്വഹിച്ചിരിക്കുന്നത്.

മേരി ടീച്ചറുടെ ഭര്‍ത്താവ് പഴഞ്ഞി കോളേജിലെ മലയാളം അധ്യാപകനും എഴുത്തുകാരനുമായ പയസ് ജേക്കബും ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥിയായ മകന്‍ യാക്കോവുമാണ് ടീച്ചറുടെ ചാനലിന്റെ പിന്നിലെ ഏറ്റവും വലിയ പിന്തുണ. കവിതകള്‍ക്ക് പുറമെ വിദ്യാര്‍ത്ഥികള്‍ക്ക് ഗുണകരമായ ഇംഗ്ലീഷ് ക്ലാസ്സുകളും ചാനലിലൂടെ പുറത്തു വിടാനുള്ള ഒരുക്കത്തിലാണ് മേരി ടീച്ചര്‍. ടീച്ചറുടെ മേരീസ് തോട്ട് സ് ആന്‍ഡ് ടോക്സ് എന്ന ആശയത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടു കൊണ്ട് മറ്റു പല അധ്യാപകരും മുന്നോട്ട് വരുന്നുണ്ടെന്നും ടീച്ചര്‍ അറിയിച്ചു.

Exit mobile version