മാധ്യമപ്രവര്‍ത്തകന്‍ മരിച്ച സംഭവം; കാറോടിച്ചിരുന്നത് ശ്രീറാമെന്ന് യുവതിയുടെ മൊഴി

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ മരിച്ച സംഭവത്തില്‍ അപകടം നടക്കുമ്പോള്‍ കാറോടിച്ചിരുന്നത് ശ്രീറാം വെങ്കിട്ടരാമന്‍ തന്നെയെന്ന് ഒപ്പമുണ്ടായിരുന്ന യുവതി പൊലീസിന് മൊഴി നല്‍കി. അപകടം നടന്ന ശേഷം കാറിന്റെ ഡ്രൈവിംഗ് സീറ്റില്‍ നിന്നും പുറത്തിറങ്ങിയത് ഒരു പുരുഷനാണെന്ന് സംഭവസ്ഥലത്ത് ആദ്യമെത്തിയ ഓട്ടോ ഡ്രൈവര്‍മാര്‍ പറഞ്ഞു.

അപകടസമയത്ത് താനല്ല തനിക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് വഫാ ഫിറോസാണ് വാഹനമോടിച്ചതെന്ന് ശ്രീറാം പോലീസിനോട് ആദ്യം പറഞ്ഞത്. അപകടമുണ്ടാക്കിയ കാറിലുള്ളത് ഉന്നത ഉദ്യോഗസ്ഥനാണ് എന്ന് വ്യക്തമായതോടെ അദ്ദേഹത്തെ സംരക്ഷിക്കുന്ന തരത്തിലുള്ള നിലപാടാണ് മ്യൂസിയം പോലീസ് ആദ്യം സ്വീകരിച്ചത്. എന്നാല്‍ അപകടം നടക്കുമ്പോള്‍ കാറോടിച്ചിരുന്നത് ശ്രീറാം വെങ്കിട്ടരാമന്‍ തന്നെയെന്ന് ഒപ്പമുണ്ടായിരുന്ന യുവതി മൊഴി നല്‍കി.

ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെഎം ബഷീറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടം നടക്കുന്നത്. അമിത വേഗതയില്‍ എത്തിയ വാഹനം തിരുവനന്തപുരം മ്യൂസിയം ജംഗ്ഷനില്‍ വച്ച് ബഷീറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ ലഭിക്കാനായി പോലീസ് പ്രദേശത്തെ വ്യാപാരസ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. അപകടമുണ്ടായ കാറില്‍ ഫോറന്‍സിക് വിദഗ്ദ്ധര്‍ പരിശോധന നടത്തി.

Exit mobile version