ഭാര്യവീട്ടില്‍ വെച്ച് മര്‍ദനമേറ്റ് ചികിത്സയിലിരുന്ന പ്രവാസി മരിച്ചു

പത്തനംതിട്ട: ഭാര്യവീട്ടില്‍വെച്ച് മര്‍ദനമേറ്റ് ചികിത്സയിലിരുന്ന പ്രവാസി മരിച്ചു. മരണകാരണം മര്‍ദനമേറ്റതാണോ എന്ന കാര്യം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമേ സ്ഥിരീകരിക്കാനാകൂ. ഇടപ്പരിയാരം വിജയ വിലാസത്തില്‍ സജീവാണ് വൈക്കത്തെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.

കഴിഞ്ഞ 27ന് വൈകീട്ടാണ് ഭാര്യ പ്രസന്നയുടെ കുടുംബവീട്ടില്‍ വെച്ച് സജീവിനു മര്‍ദ്ദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ സജീവനെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വൈക്കത്തെ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

സംഭവത്തില്‍ സജീവന്‍ പോലീസില്‍ നല്‍കിയ മൊഴി മകളുടെ കാമുകനായ വി കോട്ടയം സ്വദേശി മനുവും സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദ്ദിച്ചുവെന്നാണ്. എന്നാല്‍ വീടിന്റെ പടിയില്‍ നിന്ന് വീണ് പരിക്കേറ്റതാണെന്നാണ് മനു പോലീസിനോട് പറഞ്ഞത്. ഈ മൊഴി വിശ്വാസത്തിലെടുത്ത പോലീസ് മനുവിനെതിരെ കേസെടുക്കാന്‍ തയാറായിട്ടില്ല. ഇയാള്‍ നിരീക്ഷണത്തിലാണെന്നാണ് പറയുന്നത്.

സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. കോട്ടയം മെഡിക്കല്‍ കോളജില്‍ വെള്ളിയാഴ്ച പോസ്റ്റ്‌മോര്‍ട്ടം നടത്തും. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷമെ മരണകാരണം മര്‍ദനമേറ്റതാണോ എന്ന കാര്യം സ്ഥിരീകരിക്കാനാകൂ.

Exit mobile version