ശബരിമല; ചിത്തിര ആട്ടത്തിരുന്നാള്‍ ദിനത്തില്‍ ലഭിച്ചത് റെക്കോര്‍ഡ് നടവരവ്

പതിമൂവായിരത്തിലധികം ആളുകളാണ് ചിത്തിര ആട്ടതിരുന്നാള്‍ പൂജയ്ക്ക് ശബരിമലയിലെത്തിയത്

പത്തനംതിട്ട: ശബരിമലയില്‍ ചിത്തിര ആട്ടത്തിരുന്നാള്‍ ദിനത്തില്‍ ലഭിച്ചത് റെക്കോര്‍ഡ് നടവരവ്. പതിമൂവായിരത്തിലധികം ആളുകളാണ് ചിത്തിര ആട്ടതിരുന്നാള്‍ പൂജയ്ക്ക് ശബരിമലയിലെത്തിയത്. ആദ്യമായാണ് ഇത്രയും ആളുകള്‍ പ്രസ്തുത ദിവസം മലകയറുന്നത്.

ഒരൊറ്റ ദിവസം കൊണ്ട് 28 ലക്ഷം രൂപയുടെ നടവരവാണ് ശബരിമലയില്‍ ലഭിച്ചത്. കഴിഞ്ഞ വര്‍ഷം തുലാമാസ പൂജയോട് ചേര്‍ന്ന് ചിത്തിര ആട്ടത്തിരുന്നാള്‍ വന്നതിനാല്‍ പ്രത്യേകമായി നടവരവ് രേഖപ്പെടുത്തിയിട്ടില്ല.

ചിത്തിര ആട്ട പൂജയ്ക്ക് നടതുറന്നപ്പള്‍ 13,675 പേര്‍ ദര്‍ശനത്തിനെത്തി എന്നാണ് ദേവസ്വം ബോര്‍ഡിന്റെ കണക്ക്. 3,054 പേര്‍ നെയ്യഭിഷേകം നടത്തി. ഇതിനു പുറമേ സ്വാമി ശരണം എന്നെഴുതിയ 100 കണക്കിനു പേപ്പറുകള്‍ കാണിക്ക വഞ്ചിയില്‍ നിന്ന് ലഭിച്ചിരുന്നു. 28 ലക്ഷം രൂപ നടവരവ് ലഭിച്ചെന്നാണ് ദേവസ്വം ബോര്‍ഡിന്റെ കണക്ക്.

ശബരിമലയില്‍ കാണിക്ക ഇടുന്നതിനെതിരെ സംഘപരിവാര്‍ സംഘടനകളുടെ വ്യാപക പ്രചാരണം ഉണ്ടായിരുന്നെങ്കിലും നടവരവിനെ പ്രചാരണങ്ങള്‍ ബാധിച്ചില്ലെന്നാണ് വിലയിരുത്തല്‍.

മുന്‍വര്‍ഷങ്ങളിലൊന്നും ഇല്ലാതിരുന്ന തിരക്കും സുരക്ഷാ ക്രമീകരണങ്ങളുമായിരുന്നു ഇത്തവണ ചിത്തിരാട്ട പൂജയ്ക്ക് ശബരിമലയില്‍ ഉണ്ടായിരുന്നത്. കഴിഞ്ഞ വര്‍ഷം 4000ല്‍ താഴെ ആളുകളാണ് ദര്‍ശനത്തിന് എത്തിയിരുന്നത്.

Exit mobile version