സനല്‍ വധം; ഐജി ശ്രീജിത്തിന്റെ അന്വേഷണത്തില്‍ ആശങ്കയുണ്ട്, കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണം; വിഎം സുധീരന്‍

ഹരികുമാറിനെതിരായ റിപ്പോര്‍ട്ടുകള്‍ അവഗണിച്ചതിനാല്‍ സര്‍ക്കാരിന് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിയാനാവില്ലെന്നും സുധീരന്‍ പറഞ്ഞു

തിരുവനന്തപുരം: സനല്‍ കുമാറിന്റെ കൊലപാതകത്തില്‍ ഡിവൈഎസ്പി ബി ഹരികുമാറിനെ അറസ്റ്റ് ചെയ്യുന്നതിനുള്ള തടസം ഭരണതലത്തിലെയും പോലീസിലെയും ഉന്നതരുമായുള്ള ബന്ധമാണെന്ന് വിഎം സുധീരന്‍. കൊല്ലപ്പെട്ട സനല്‍ കുമാറിന്റെ വീട് സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു സുധീരന്‍. ഹരികുമാറിനെതിരായ റിപ്പോര്‍ട്ടുകള്‍ അവഗണിച്ചതിനാല്‍ സര്‍ക്കാരിന് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിയാനാവില്ലെന്നും സുധീരന്‍ പറഞ്ഞു.

നിലവില്‍ സനല്‍ വധക്കേസിന്റെ അന്വേഷണ ചുമതല ഐജി ശ്രീജിത്തിനാണുള്ളത്. അന്വേഷണ സംഘത്തില്‍ വിശ്വാസമില്ലാത്തതിനാല്‍ കേസന്വേഷണം ഐജി തലത്തിലുള്ള ഉദ്യോഗസ്ഥനെ ഏല്‍പ്പിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഐജി ശ്രീജിത്തിന് അന്വേഷണ ചുമതല നല്‍കിയത്.

എന്നാല്‍ ഐജി ശ്രീജിത്തിന്റെ അന്വേഷണത്തില്‍ ആശങ്കയുണ്ടെന്നും കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നുമാണ് വിഎം സുധീരന്‍ ആവശ്യപ്പെട്ടത്. കേസന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് സനലിന്റെ കുടുംബം ഇന്ന് ഹര്‍ജി നല്‍കും. സനലിന്റെ കുടുംബത്തിന്റെ സംരക്ഷണം സര്‍ക്കാര്‍ പൂര്‍ണമായി ഏറ്റെടുക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

Exit mobile version