കോണ്‍ഗ്രസ് നാഥനില്ലാ കളരി; തരൂരിന്റെ നിലപാടില്‍ പ്രതികരണവുമായി കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ രംഗത്ത്

തിരുവനന്തപുരം: കോണ്‍ഗ്രസ് നാഥനില്ലാ കളരിയായെന്ന ശശിതരൂരിന്റെ വാദത്തില്‍ വിയോജിപ്പ് അറിയിച്ച് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍. അതേസമയം പുതിയ അദ്ധ്യക്ഷന്‍ ഉടന്‍ വേണമെന്ന് തരൂരിന്റെ നിലപാടിനോട് നേതാക്കള്‍ യോജിക്കുന്നതായും പറഞ്ഞു.

കോണ്‍ഗ്രസ് നാഥനില്ലാ കളരിയാണെന്ന് ശശി തരൂരിന്റെ നിലപാടിനെതിരെ ആദ്യം വിമര്‍ശനവുമായി രംഗത്തെത്തിയത് സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലാണ്. പറയുന്നത് പോലെയുള്ള പ്രതിസന്ധി പാര്‍ട്ടിക്കുള്ളില്‍ ഇല്ല. തരൂരിന്റെ വാക്കുകള്‍ സ്വാഭാവികമായി കണ്ടാല്‍ മതിയെന്നും കെസി വേണുഗോപാല്‍ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ പ്രതികരണവുമായി രംഗത്തെത്തിയത്.

തരൂരിന്റെ നിലപാടില്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും വിയോജിച്ചു. തരൂര്‍ അങ്ങനെ ഒരിക്കലും പറയാന്‍ പാടില്ലായിരുന്നുവെന്നും , അദ്ദേഹം ചരിത്രം പഠിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. കോണ്‍ഗ്രസിനെ പോലെ നേതൃസമ്പന്നമായ മറ്റൊരു പാര്‍ട്ടിയില്ലെന്നും കെപിസിസി അധ്യക്ഷന്‍ പറഞ്ഞു.

തരൂരിന്റെ വാദത്തോട് പൂര്‍ണ്ണമായും യോജിക്കാന്‍ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. എന്നാല്‍ പാര്‍ട്ടിയില്‍ അധ്യക്ഷന്റെ കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. അതേസമയം ശശി തരൂരിന്റെ പ്രസ്താവനയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി യാതൊരു പ്രതികരണവും അറിയിച്ചില്ല.

കോണ്‍ഗ്രസ് ഒരു നാഥനില്ലാക്കളരിയായെന്നും, അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുല്‍ ഗാന്ധി ഒഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടു. എന്നാല്‍ ഇതുവരെ അദ്ധ്യക്ഷനെ കണ്ടെത്താനാവാത്തതില്‍ കടുത്ത നിരാശയുണ്ടെന്നുമാണ് ശശി തരൂര്‍ പ്രമുഖ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നത്. തരൂരിന്റെ ഈ നിലപാടിന് പിന്നാലെയാണ് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ അടക്കം രംഗത്തെത്തിയത്. എന്നാല്‍ പാര്‍ട്ടിയില്‍ നിന്ന് രാഹുല്‍ ഗാന്ധി അദ്ധ്യക്ഷ സ്ഥാനം ഒഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടിട്ടും പുതിയ അദ്ധ്യക്ഷനെ കണ്ടെത്താത്തതില്‍ വിയോജിപ്പാണ് നേതാക്കളും അറിയിച്ചത്.

Exit mobile version