ആലപ്പുഴ പോസ്റ്റര്‍ വിവാദം; പിടിയിലായവരെല്ലാം കാനത്തിന്റെ കടുത്ത അനുഭാവികള്‍

ആലപ്പുഴ: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ പോസ്റ്റര്‍ ഒട്ടിച്ച സംഭവത്തില്‍
സ്വന്തം പാളയത്തിലെ നേതാക്കള്‍ തന്നെ അറസ്റ്റിലായതോടെ സിപിഐ സംസ്ഥാന സെക്രട്ടറിയെ അനുകൂലിക്കുന്നവര്‍ കടുത്ത പ്രതിരോധത്തിലായി.

കൊച്ചിയില്‍ നടന്ന മാര്‍ച്ചിനിടെ എംഎല്‍എ അടക്കമുള്ളവര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ പോലീസിനെ ന്യായീകരിക്കുന്ന വിധത്തിലുള്ള നിലപാടാണ് കാനം സ്വീകരിച്ചത്. ഇത് പാര്‍ട്ടിക്കകത്ത് തന്നെ അഭിപ്രായ വ്യത്യാസം ഉണ്ടാക്കിയിരുന്നു. എന്നാല്‍ സംഭവത്തില്‍ പോസ്റ്റര്‍ ഒട്ടിച്ചവര്‍ പാര്‍ട്ടിക്കാരല്ലെന്ന് കാനം പ്രതികരിക്കുകയും ചെയ്തിരുന്നു.

സിപിഐക്ക് അകത്തെ വിഭാഗീയതയുടെ തെളിവാണ് പോസ്റ്റര്‍ എന്നും കാനത്തിനെതിരെ കെഇ ഇസ്മയില്‍ പക്ഷത്തിന്റെ നീക്കമാണ് സംഭവത്തിന് പിന്നിലെന്നും വരുത്തിത്തീര്‍ക്കാനായിരുന്നു ശ്രമം. ഇസ്മയില്‍ പക്ഷ നേതാക്കള്‍ക്കെതിരെ പാര്‍ട്ടിക്കകത്ത് കടുത്ത വിമര്‍ശനവും ഉയര്‍ന്നു.

എന്നാല്‍ പോസ്റ്റര്‍ ഒട്ടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ കേസ് അന്വേഷണം പുതിയ വഴിത്തിരിവിലേക്ക് നീങ്ങുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പിടികൂടിയവരെല്ലാം കടുത്ത കാനം അനുഭാവികളായിരുന്നു. ഇപ്പോള്‍ മുമ്പ് അറിയിച്ച പ്രതികരണങ്ങളെല്ലാം എങ്ങനെ പ്രതിരോധിക്കും എന്ന ചിന്തയിലാണ് കാനം പക്ഷം.

Exit mobile version