കാനം രാജേന്ദ്രനെതിരെ പോസ്റ്റര്‍ പതിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

ആലപ്പുഴ: കാനം രാജേന്ദ്രനെതിരെ പോസ്റ്റര്‍ പതിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്.
പ്രമുഖ മാധ്യമമായ മാത്യുഭൂമി ന്യൂസാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. എഐവൈഎഫ് അമ്പലപ്പുഴ മണ്ഡലം ഭാരവാഹികളില്‍ ചിലര്‍ കൂടി ഉള്‍പ്പെട്ട സംഘമാണ് പോസ്റ്റര്‍ പതിച്ചത്. അതേസമയം സംഭവത്തിന് പിന്നില്‍ മാധ്യമ ഗൂഢാലോചന ആരോപിച്ച് ജില്ലാ നേതൃത്വം അന്വേഷണം ആവശ്യപ്പെട്ട് പോലീസിനെ സമീപിച്ചു.

കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ട് മണിക്കും ഒരു മണിക്കും ഇടയിലാണ് നഗരത്തിലെ പ്രധാനപ്പെട്ട മൂന്ന് ഇടങ്ങളിലായി പോസ്റ്റര്‍ പതിച്ചിട്ടുള്ളത്. കാറില്‍ എത്തിയ നാലംഗസംഘമാണ് ഇതിന് പിന്നില്‍. വെള്ള നിറത്തിലുള്ള ഐ ട്വന്റി കാറില്‍ വന്ന് പോസ്റ്റര്‍ പതിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. നഗരത്തിലെ മൂന്ന് ഇടങ്ങളിലാണ് പോസ്റ്റര്‍ പതിച്ചത്. ആലപ്പുഴ ഇതില്‍ ബോട്ട്ജെട്ടിക്ക് സമീപമുള്ള സ്ഥാപനത്തിന്റെ പുറം മതിലില്‍ പോസ്റ്റര്‍ പതിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്.

കൊച്ചിയില്‍ സിപിഐ എംഎല്‍എയ്ക്ക് പോലീസ് മര്‍ദ്ദനമേറ്റ സംഭവത്തില്‍ പ്രതികരിക്കാന്‍ വൈകിയത് വിമര്‍ശനങ്ങള്‍ക്ക് തുടക്കം കുറിച്ചു. അതേസമയം പാര്‍ട്ടിയെ ചൊടിപ്പിക്കുന്ന രീതിയിലുള്ള നിലപാടായിരുന്നു കാനം അറിയിച്ചത്. ഇത് പാര്‍ട്ടിക്കകത്ത് അഭിപ്രായ വ്യത്യാസത്തിന് കാരണമായി. സംഭവത്തിന് പിന്നാലെയാണ് കാനം രാജേന്ദ്രനെതിരെ പോസ്റ്റര്‍ പതിച്ചതും.

Exit mobile version