പ്രളയ രക്ഷാപ്രവര്‍ത്തനം; സംസ്ഥാനത്തിനോട് 113 കോടി രൂപ ആവശ്യപ്പെട്ട് വ്യോമസേന

തിരുവനന്തപുരം: പ്രളയ രക്ഷാപ്രവര്‍ത്തനത്തിന് 113 കോടി രൂപ ആവശ്യപ്പെട്ട് വ്യോമസേന. വിമാനങ്ങളും ഹെലിക്കോപ്ടറും ഉപയോഗിച്ച് ജനങ്ങളെ രക്ഷിച്ചതിനുള്ള ചെലവിലേക്ക് പണം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് വ്യോമസേന, സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരിക്കുന്നത്. ഓഖി ദുരന്ത സമയത്തുള്ള രക്ഷാപ്രവര്‍ത്തനത്തിനും വ്യോമസേന ഇതേ രീതിയില്‍ പണം ആവശ്യപ്പെട്ടിരുന്നു.

ഓഗസ്റ്റ് 15 മുതല്‍ നാല് ദിവസമാണ് വ്യോമസേനയും മറ്റ് സേനാവിഭാഗങ്ങളും രക്ഷാദൗത്യത്തില്‍ ഏര്‍പ്പെട്ടത്. ഇതിലേക്കായി 113,69,34,899 രൂപയാണ് വ്യോമസേന ആവശ്യപ്പെട്ടത്. ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട് അനുസരിച്ച് പ്രളയ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് 31,000 കോടിരൂപ ആവശ്യമാണ്. വിമാനങ്ങളും ഹെലികോപ്റ്ററുകളും ഉപയോഗിച്ച് രക്ഷാ പ്രവര്‍ത്തനം നടത്തിയതിനാണ് ഇത്രയും തുക ആവശ്യപ്പെട്ടിരിക്കുന്നത്.

ഓഖി ദുരന്തസമയത്ത് 26 കോടി രൂപയുടെ ബില്ലാണ് വ്യോമസേന സര്‍ക്കാരിന് നല്‍കിയത്. പിന്നീട് 35 കോടിയുടെ ബില്ലും നല്‍കി. ഇതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രത്തെ പ്രതിഷേധം അറിയിച്ചിരുന്നു.

Exit mobile version