ജാതി വിഷയത്തില്‍ ജഡ്ജി വി ചിദംബരേഷ് നടത്തിയ പരാമര്‍ശങ്ങള്‍ സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുന്നത്; വിമര്‍ശിച്ച് എകെ ബാലന്‍

അദ്ദേഹത്തിന്റെ മനസ്സിലുള്ളതാണ് പുറത്തു വന്നതെന്നും എകെ ബാലന്‍ കുറ്റപ്പെടുത്തി.

തിരുവനന്തപുരം; ജാതി സംവരണവുമായി ബന്ധപ്പെട്ട് ഹൈക്കോടതി ജഡ്ജി വി ചിദംബരേഷ് നടത്തിയ പരാമര്‍ശങ്ങള്‍ സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് മന്ത്രി എകെ ബാലന്‍. സാധാരണ നിലയില്‍ ഒരു ജഡ്ജിയില്‍ നിന്ന് വരാന്‍ പാടില്ലാത്ത വാക്കുകളാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തിന്റെ മനസ്സിലുള്ളതാണ് പുറത്തു വന്നതെന്നും എകെ ബാലന്‍ കുറ്റപ്പെടുത്തി.

ഇത്തരം വിഷയങ്ങളുമായി ബന്ധപ്പെട്ട ഒരു കേസ് വരുമ്പോള്‍ അദ്ദേഹത്തിന്റെ ഈ മാനസികാവസ്ഥയിലാവും വിധി വരികയെന്നും മന്ത്രി ബാലന്‍ പറഞ്ഞു.

ജാതി സംവരണം മാറ്റേണ്ട കാലമായെന്നാണ് ഹൈക്കോടതി ജസ്റ്റിസ് വി ചിദംബരേഷ് പറഞ്ഞത്. കൊച്ചിയില്‍ നടന്ന തമിഴ് ബ്രാഹ്മണസഭാ സമ്മേളനത്തിലാണ് ചിദംബരേശ് വിവാദ പ്രസംഗം നടത്തിയത്.

ജാതി സംവരണം മാറ്റി സാമ്പത്തിക സംവരണം നടപ്പാക്കേണ്ട കാലം അതിക്രമിച്ചെന്നും ഇതിനായി മുന്നാക്ക വിഭാഗങ്ങള്‍ ഒന്നിക്കണമെന്നും ജസ്റ്റിസ് പറഞ്ഞു. തമിഴ് ബ്രാഹ്മണര്‍ ഒട്ടേറെ നല്ല സ്വഭാവ ഗുണങ്ങളുള്ള വിഭാഗമാണെന്ന് പറഞ്ഞ ജസ്റ്റിസ് ബ്രാഹ്മണ സമൂഹമാണ് സമൂഹത്തെ നിയന്ത്രിക്കേണ്ടതെന്നും കൂട്ടിച്ചേര്‍ത്തു.

ബ്രാഹ്മണന്‍ ഒരിക്കലും വര്‍ഗീയ വാദിയല്ല. പരവികാരം മാനിക്കുന്നവനാണ്. അതിനാല്‍ ബ്രാഹ്മണരാണ് സമൂഹത്തെ നിയന്ത്രിക്കേണ്ടതെന്നുമായിരുന്നു ജസ്റ്റിസ് ചിദംബരേഷിന്റെ വിവാദ പ്രസംഗം.

Exit mobile version