ബ്രിട്ടീഷ് കപ്പലിലുള്ള മലയാളികളെ രക്ഷിക്കാന്‍ അടിയന്തര നടപടികളെടുക്കണം; കേന്ദ്രത്തോട് മുഖ്യമന്ത്രി

തിരുവനന്തപുരം: ഇറാന്റെ കസ്റ്റഡിയിലുള്ള എണ്ണക്കപ്പലില്‍ ഉള്ള മലയാളികളെ അടിയന്തിരമായി രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് സന്ദേശം നല്‍കി.

ഇറാന്‍ പിടിച്ചെടുത്ത ബ്രീട്ടിഷ് എണ്ണക്കപ്പലില്‍ 23 പേരില്‍ 18 ഇന്ത്യക്കാരാണ് ഉള്ളത്. ഇതില്‍ എറണാകുളം കളമശ്ശേരി സ്വദേശിയായ ഡിജോ പാപ്പച്ചന്‍, തൃപ്പൂണിത്തറ, പള്ളുരുത്തി സ്വദേശികളായ രണ്ട് മലയാളികള്‍ തുടങ്ങി കപ്പലില്‍ മൂന്ന് മലയാളികള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം കപ്പലിലുള്ള ജീവനക്കാരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. ഈ സാഹചര്യത്തിലാണ് മലയാളികളെ അടിയന്തിരമായി രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് അടിയന്തര സന്ദേശം നല്‍കിയത്. മലയാളികളടക്കമുള്ളവരെ സുരക്ഷിതരായി നാട്ടിലെത്തിക്കണമെന്ന് കത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ഒപ്പം കപ്പലില്‍ ഉള്ള ജീവനക്കാരെ തിരികെയെത്തിക്കാനുള്ള നടപടികളെക്കുറിച്ചുള്ള വിവരങ്ങള്‍ സംസ്ഥാന സര്‍ക്കാരിനോടും
പങ്കുവെയ്ക്കണമെന്നും, ഇവരുടെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുമെന്നും കത്തില്‍ മുഖ്യമന്ത്രി പരാമര്‍ശിച്ചു.

Exit mobile version