കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായി തെരച്ചില്‍ തുടരുന്നു; സംഭവസ്ഥലത്ത് ഉമ്മന്‍ ചാണ്ടി സന്ദര്‍ശനം നടത്തി

തിരുവനന്തപുരം: വിഴിഞ്ഞത്തുനിന്ന് കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കുവേണ്ടി തെരച്ചില്‍ തുടരുന്നു. അതേസമയം സംഭവസ്ഥലത്ത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സന്ദര്‍ശനം നടത്തി. തെരച്ചിലിനായി കൂടുതല്‍ സൗകര്യം ഒരുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ബുധനാഴ്ച വൈകിട്ട് വിഴിഞ്ഞത്ത് നിന്ന് പുറപ്പെട്ട മത്സ്യത്തൊഴിലാളികളാണ് ഇതുവരെ തിരികെ എത്താത്തത്. പുല്ലുവിള സ്വദേശി യോശുദാസന്‍ ആന്റണി, പുതിയതുറ സ്വദേശി ബെന്നി ലൂയിസ് എന്നിവരെയാണ് കാണാതായത്. വ്യാഴാഴ്ച രാവിലെയോടെയാണ് ഇവര്‍ തിരിച്ചെത്തേണ്ടിയിരുന്നത്. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും തീരസംരക്ഷണ സേനയും തെരിച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

കൊച്ചിയില്‍ നിന്ന് ഡോണിയര്‍ വിമാനവും ഹെലികോപ്ടറുകളും എത്തിച്ച് തെരച്ചില്‍ നടത്തുമെന്ന് അറിയിച്ചെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാല്‍ ശ്രമം നടന്നില്ല. ഇന്ന് രാവിലെയോടെ വിമാനം എത്തിച്ച് തെരച്ചില്‍ തുടരുമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പ്. നിലവില്‍ രണ്ട് കപ്പലുകള്‍ തെരച്ചില്‍ നടത്തുന്നുണ്ടെന്നാണ് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചിരിക്കുന്നത്. അതേസമയം തെരച്ചിലിനായി മത്സ്യത്തൊഴിലാളികളെക്കൂടി കൊണ്ടുപോകാന്‍ സംവിധാനം ഉണ്ടാക്കണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

Exit mobile version