ട്രെയിനിന് മുകളില്‍ കയറി സെല്‍ഫിയെടുക്കാന്‍ ശ്രമം; കോളേജ് വിദ്യാര്‍ത്ഥിക്ക് ഷോക്കേറ്റു! സംഭവം പാലക്കാട്

വടക്കാഞ്ചേരി കൊന്നഞ്ചേരി സ്വദേശി ആദര്‍ശിനാണ് (20) പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ആദര്‍ശിനെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

പാലക്കാട്: നിര്‍ത്തിയിട്ടിരുന്ന ഗുഡ്‌സ് വാഗണിന് മുകളില്‍ കയറി സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിക്ക് ഷോക്കേറ്റു. വടക്കാഞ്ചേരി കൊന്നഞ്ചേരി സ്വദേശി ആദര്‍ശിനാണ് (20) പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ആദര്‍ശിനെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. തലക്കേറ്റ സാരമായ പരിക്കിനുപുറമേ നെഞ്ചിലും ഇടതുകാലിലും പരിക്കുണ്ട്.

പാലക്കാട് ജങ്ഷന്‍ റെയില്‍വേ സ്റ്റേഷന് സമീപം ഗുഡ്‌സ് യാഡിലാണ് സംഭവം.
സെല്‍ഫിയെടുക്കാനുള്ള ശ്രമത്തിനിടെ വാഗണിന് മുകളിലൂടെ കടന്നുപോകുന്ന വൈദ്യുത ലൈനില്‍ നിന്നും വിദ്യാര്‍ത്ഥിക്ക് ഷോക്കേല്‍ക്കുകയായിരുന്നു. ഷോക്കേറ്റ് വാഗണിന് മുകളില്‍ നിന്ന് തെറിച്ച ആദര്‍സ് യാഡ് പ്‌ളാറ്റ്‌ഫോമിന്റെ സിമന്റ് തറയിലേക്ക് തലയടിച്ചാണ് വീണത്.

പാമ്പാടി സ്വകാര്യകോളേജിലെ വിദ്യാര്‍ത്ഥിയായ ആദര്‍ശ് സുഹൃത്ത് ജെബ്രിനൊപ്പം സ്‌കൂട്ടറിലാണ് റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. തുടര്‍ന്ന് ഇവര്‍ ഗുഡ്‌സ് ഷെഡ്ഡിന് സമീപം എത്തിയ ശേഷം 11-ാം നമ്പര്‍ ട്രാക്കില്‍ നിര്‍ത്തിയിട്ടിരുന്ന ഗുഡസ് വാഗണിനു മുകളില്‍ കയറുകയായിരുന്നു. ട്രെയിനിനു മുകളില്‍ നിന്ന് മൊബൈലില്‍ ചിത്രമെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിന് വൈദ്യുതി നല്‍കുന്ന ഹൈടെന്‍ഷന്‍ ലൈനില്‍ത്തട്ടി ഷോക്കേല്‍ക്കുകയായിരുന്നുവെന്നാണ് ആര്‍പിഎഫ് അധികൃതര്‍ പറയുന്നത്.

ഓടിയെത്തിയ ആര്‍പിഎഫ് അംഗങ്ങള്‍ പ്രഥമശുശ്രൂഷ നല്‍കിയശേഷം ആദര്‍ശിനെ ജില്ലാ ആശുപത്രിയിലെത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അതേസമയം, റെയില്‍വേ ഗുഡ്‌സ് യാഡില്‍ അധിക്രമിച്ചു കടന്നതിന് വിദ്യാര്‍ത്ഥിക്കും സുഹൃത്തിനുമതിരേ നിയമനടപടി ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Exit mobile version