സുഖചികിത്സാ കാലം; കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുളള ആനകളും, എറണാകുളം ശിവകുമാറും രാചന്ദ്രനും എല്ലാം വരിവരിയായി ക്ഷേത്രങ്ങളിലെത്തി

തൃശ്ശൂര്‍: ചികിത്സാകാലമായി കണക്കാക്കി സുഖ ചികിത്സയിലൂടെ കടന്ന് പോവുന്ന മാസമാണ് കര്‍ക്കിടകം. മനുഷ്യര്‍ക്ക് എന്നത് പോലെ ആനകള്‍ക്കും ഈ മാസം കേമമാണ്. കേരളത്തിലെ പ്രമുഖക്ഷേത്രങ്ങളിലൊന്നായ ഗുരുവായൂര്‍ ആനക്കോട്ടയിലും, വടക്കുംനാഥന്‍ ആനക്കൊട്ടിലിലുമാണ് ഈ ചികിത്സ കേമമാക്കി നടത്താറുളളത്. വടക്കുംനാഥന്റെ ക്ഷേത്രസന്നിധിയില്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുളള ആനകളും എറണാകുളം ശിവകുമാറും രാചന്ദ്രനും എല്ലാം വരിവരിയായി എത്തി. ഇനി ഒരു മാസക്കാലം ആവോളം ഭക്ഷണവും മരുന്നും ചാറ്റല്‍മഴയിലെ കുളിയുമൊക്കെയായി സുഖചികിത്സയാണ് ഇവര്‍ക്ക്.

കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എബി മോഹനന്‍ ആനകള്‍ക്ക് ഔഷധ ഉരുള നല്‍കിയാണ് ഈ വര്‍ഷത്തെ കര്‍ക്കിടക സുഖചികിത്സ ഉദ്ഘാടനം ചെയ്തത്. ആയുര്‍വേദ മരുന്നുകളോടൊപ്പം അലോപ്പതി മരുന്നുകളും ഉള്‍പ്പെടുത്തിയുള്ള സമ്മിശ്ര ചികിത്സാ രീതിയാണ് ആനകള്‍ക്ക് ഇപ്പോള്‍ നല്‍കുന്നതെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എബി മോഹനന്‍ പറഞ്ഞു.

വിഭവ സമൃദ്ധമായ ഭക്ഷണത്തോടൊപ്പം മരുന്നും ചേര്‍ത്തു നല്‍കിയാണ് ആനകള്‍ക്ക് ഒരു വര്‍ഷത്തെ ആരോഗ്യ പരിപാലനം ഉറപ്പാക്കുന്നത്. മൂന്ന് കിലോ അരിയുടെ ചോറ്, ഓരോ കിലോവീതം ചെറുപയറും മുതിരയും, 200 ഗ്രാം ച്യവനപ്രാശം, 100 ഗ്രാം അഷ്ടചൂര്‍ണം, 25 ഗ്രാം മിനറല്‍ മിക്‌സ്ചര്‍, 50 ഗ്രാം മഞ്ഞള്‍പ്പൊടി തുടങ്ങിയവയും വൈറ്റമിന്‍ ടോണിക്കുകളുമാണ് സുഖചികിത്സാക്കാലത്തുള്ള ദൈനംദിന മെനു. ഇതിന് പുറമെ പനമ്പട്ടയും പുല്ലുമുണ്ട്. പല്ലില്ലാത്ത ആനകള്‍ക്ക് വാഴപ്പിണ്ടി പ്രത്യേകം നലല്‍കും. ആനകളുടെ ശരീര പുഷ്ടിക്കും ഓജസിനും അഴകിനും ആരോഗ്യത്തിനുമായി വിദഗധര്‍ നിശ്ചയിച്ച പ്രത്യേക ഔഷധക്കൂട്ടുകളും ഇടവിട്ട് നല്‍കും.

Exit mobile version