രാമായണ പാരായണം ഇനി മൊബൈലിലും; ആപ്പ് ഇറക്കി എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ത്ഥികള്‍!

തൃശ്ശൂര്‍ തലക്കോട്ടുക്കര വിദ്യ എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ത്ഥികളാണ് സൗജന്യമായി ആപ്പ് ഇറക്കിയിരിക്കുന്നത്.

തൃശ്ശൂര്‍: രാമായണമാസാചരണം അടുക്കുകയാണ്. വീടുകളെല്ലാം അടിച്ച് തെളിച്ച് വൃത്തിയാക്കി രാമായണ മാസത്തെ വരവേല്‍ക്കാന്‍ മുതിര്‍ന്നവരും ഒരുങ്ങി കഴിഞ്ഞു. സന്ധ്യാ വിളക്ക് കത്തിച്ച് രാമായണം തുറന്ന് വെച്ച് വായിക്കുകയാണ് പതിവു കാഴ്ച. എന്നാല്‍ അതില്‍ നിന്നും ഒരല്‍പം വ്യത്യസ്തമാകുകയാണ് ഇത്തവണ. മറ്റൊന്നുമല്ല, രാമായണ പാരായണത്തിന് പ്രത്യേകം മൊബൈല്‍ ആപ്പ് ഇറങ്ങിയിരിക്കുകയാണ്.

തൃശ്ശൂര്‍ തലക്കോട്ടുക്കര വിദ്യ എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ത്ഥികളാണ് സൗജന്യമായി ആപ്പ് ഇറക്കിയിരിക്കുന്നത്. രാമായണ പാരായണം എന്നാണ് ആപ്പിന്റെ പേര്. ആന്‍ഡ്രോയ്ഡ് പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ആപ്പ് പുറത്തിറക്കി മൂന്നു ദിവസത്തിനകം പതിനായിരം പേരാണ് ഡൗണ്‍ലോഡ് ചെയ്തത്. സ്വയം വായിക്കേണ്ടവര്‍ക്ക് രാമായണം വായിക്കാം, അതിനുള്ള സൗകര്യം ആപ്പില്‍ ഒരുക്കിയിട്ടുണ്ട്. ഇതിനായി രാമായണം ടൈപ്പ് ചെയ്തു പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഓഡിയോ കേള്‍ക്കണമെങ്കില്‍ അതിനും സൗകര്യമുണ്ട്. പാലക്കാട് സ്വദേശിയായ ജ്യോതി ഭായ് പരിയാടത്ത് ശബ്ദം നല്‍കിയ രാമായാണ ഭാഗങ്ങള്‍ കേള്‍ക്കാം. ഇരുപത്തിയഞ്ചു ഭാഗങ്ങളായാണ് അപ്‌ലോഡ് ചെയ്തിട്ടുള്ളത്. ഏതുകാര്യത്തിനും മൊബൈലിനെ ആശ്രയിക്കുന്ന ഇക്കാലത്താണ് പുതിയ ആപ്പുമായി വിദ്യാര്‍ത്ഥികള്‍ രംഗത്ത് വന്നിരിക്കുന്നത്. വിദ്യ എന്‍ജിനീയറിങ് കോളജിലെ എംസിഎ വിദ്യാര്‍ത്ഥികളുടെ ഒരു വര്‍ഷം നീണ്ട അധ്വാനമാണ് ഈ ആപ്പ്.

Exit mobile version