ട്രാഫിക് സിഗ്‌നല്‍ ലൈറ്റ് ഇനി റോഡിലും തെളിയും

തിരുവനന്തപുരം: പോസ്റ്റിലെ ട്രാഫിക് സിഗ്‌നല്‍ ലൈറ്റ് കാണാത്തവര്‍ റോഡിലെ സിഗ്‌നല്‍ ലൈറ്റ് ഇനി ശരിക്കും കാണും. പോസ്റ്റിലെ സിഗ്‌നല്‍ ലൈറ്റിനൊപ്പം തന്നെ റോഡിലും സിഗ്‌നല്‍ ലൈറ്റ് തെളിയും. സീബ്രാലൈനിലായിരിക്കും എല്‍ഇഡി സിഗ്‌നല്‍ലൈറ്റ് ഘടിപ്പിച്ചത്.

ഗതാഗത കുരുക്ക് ഇല്ലാതാക്കാനും നിയമ ലംഘനം തടയാനുമാണ് ഭൂതല ട്രാഫിക് ലൈറ്റ് സിഗ്നല്‍ സംവിധാനം കൊണ്ടുവരുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരം പട്ടം പ്ലാമൂട് ജംഗ്ഷനിലാണ് പുതിയ പദ്ധതിക്ക് തുടക്കമിട്ടത്. കെല്‍ട്രോണിന്റെ മണ്‍വിളയിലുള്ള ട്രാഫിക് സിഗ്നല്‍ ഡിവിഷന്‍ ടീമിലെ സാങ്കേതിക വിദഗ്ധരാണ് ഈ അത്യാധുനിക സിഗ്‌നല്‍ ലൈറ്റ് തയ്യാറാക്കിയത്. പദ്ധതി വിജയിക്കുകയാണെങ്കില്‍ സര്‍ക്കാരിന്റെ പിന്തുണയോടെ സംസ്ഥാനത്തെ പാലങ്ങള്‍, സ്‌കൂളുകള്‍, ആശുപത്രികള്‍, ഹമ്പുകള്‍ എന്നിവയ്ക്കുമുന്നിലും സ്ഥാപിക്കും.

റോഡിലെ സീബ്രാ ലൈനിനോട് ചേര്‍ന്നുള്ള സ്റ്റോപ്പ് ലൈനില്‍ റോഡുനിരപ്പില്‍നിന്ന് അരയിഞ്ച് ഉയരത്തിലാണ് ട്രാഫിക് സിഗ്നലിനുള്ള ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുള്ളത്. സമീപത്തുള്ള ട്രാഫിക് ലൈറ്റില്‍ ചുവപ്പും പച്ചയും മഞ്ഞയും തെളിയുന്നതിനനുസരിച്ച് റോഡിലെ ഈ എല്‍ഇഡി ലൈറ്റും തെളിയും. രാത്രിയില്‍ അരകിലോമീറ്റര്‍ ദൂരെയും പകല്‍സമയത്ത് 300 മീറ്റര്‍ അകലെയും വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് റോഡിലെ ഈ ലൈറ്റുകള്‍ വ്യക്തമായി കാണാനാകും.

Exit mobile version