127 രൂപയുടെ കോംബോ സൂപ്പര്‍ ഹിറ്റ്; തയ്യാറാക്കിയത് മുഴുവനും വിറ്റു തീര്‍ന്നത് 20 മിനിറ്റിനുള്ളില്‍! പൊടിപൊടിച്ച് കച്ചവടം

ഉച്ചയ്ക്കു 12 മണിക്ക് ആപ്പില്‍ ഓണ്‍ലൈനായി വില്‍പന ആരംഭിച്ചു.

വിയൂര്‍: ‘ബിരിയാണി, ചിക്കന്‍ കറി, ചപ്പാത്തി, കേക്ക്, വെള്ളം’ ഇവയെല്ലാം ഒരു കവറില്‍ അതും 127 രൂപയ്ക്ക്. ഇത് ഒരു ഹോട്ടലിന്റെയും ഓഫര്‍ അല്ല, മറിച്ച് വിയ്യൂര്‍ ജയിലിലെ സ്‌പെഷ്യല്‍ കോംബോ ഓഫറാണ്. കോംബോ ഓഫറിന്റെ വിവരം വാര്‍ത്തയില്‍ എത്തിയതോടെ വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ഓഫര്‍ ആരംഭിക്കുന്ന ദിനവും കാത്തിരിക്കുകയായിരുന്നു ഭക്ഷണ പ്രേമികള്‍. ഏവരുടെയും കാത്തിരിപ്പിനൊടുവില്‍ ഓഫര്‍ നിറഞ്ഞ സ്വാദിഷ്ടമായ ഭക്ഷണം എത്തി കഴിഞ്ഞു. ആദ്യഘട്ടത്തില്‍ വന്‍ വരവേല്‍പ്പാണ് ലഭിച്ചത്.

ഉച്ചയ്ക്കു പന്ത്രണ്ടു മണിക്ക് ആപ്പില്‍ ഓണ്‍ലൈനായി വില്‍പന ആരംഭിച്ചു. തുടക്കം തന്നെ തിക്കും തിരക്കുമായി. 20 മിനിറ്റ്, അതിനുള്ളില്‍ മുഴുവനും വിറ്റു തീര്‍ന്നു. ഭക്ഷണം കഴിക്കാന്‍ ആസ്വദിച്ച് എത്തിയവര്‍ക്ക് നിരാശയായി ഫലം. ആദ്യ ഘട്ടത്തില്‍ 55 എണ്ണമാണ് തയ്യാറാക്കിയത്. ഒരെണ്ണം പോലും ബാക്കി ഇല്ലാതെ എല്ലാം നിമിഷ നേരം കൊണ്ട് വിറ്റു പോയി. അടുത്ത ദിവസം മുതല്‍ നൂറെണ്ണം വരെ തയ്യാറാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

ഡിമാന്‍ഡ് കൂടിയാല്‍ ബിരിയാണിയുടെ എണ്ണം കൂട്ടാനും തീരുമാനമുണ്ടെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. അതൊടൊപ്പം തന്നെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍ ഒരുക്കുന്ന ഭക്ഷണം ജയിലിന് മുമ്പിലെ കൗണ്ടറില്‍ വില്‍ക്കുന്നുണ്ട്. ഈ കൗണ്ടറില്‍ പക്ഷേ, കോംബോ ഓഫര്‍ കിട്ടില്ല എന്ന് മാത്രം. ഓണലൈന്‍ ആയി മാത്രമാണ് കോംബോ ഓഫര്‍ ലഭിക്കുക. 300 ഗ്രാമുണ്ട് ചിക്കന്‍ ബിരിയാണി. കോഴിക്കാല്‍ പൊരിച്ചതാണ് ബിരിയാണിയില്‍ വെയ്ക്കുക. അതു കൂടാതെ ചിക്കന്‍ കറിയും ഉണ്ട്. മൂന്നു ചപ്പാത്തി. കപ്പ് കേക്ക് ഒരെണ്ണം. കുടിവെള്ളം കുപ്പിയിലാക്കിയത് ഒന്ന്. തൂശനിലയും ഒപ്പം നല്‍കും.

പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ ഒഴിവാക്കി, പകരം പേപ്പര്‍ ബാഗിലാണ് ഭക്ഷണം നല്‍കുക. ഒറ്റ ദിവസത്തെ കച്ചവടത്തില്‍ 5500 രൂപയാണ് ജയിലിന്റെ പോക്കറ്റില്‍ വീണത്. ആദ്യ വില്‍പന ഭക്ഷ്യ സുരക്ഷ അസിസ്റ്റന്റ് കമ്മിഷണര്‍ ജി ജയശ്രീയാണ് നിര്‍വഹിച്ചത്. ‘ഫ്രീഡം കോംബോ ഓഫര്‍’ എന്ന പേരില്‍ വരുംദിവസങ്ങളില്‍ ഓണ്‍ലൈന്‍ ആപ്പില്‍ ഓഫര്‍ സജീവമാകും.

Exit mobile version