വിദ്യാർത്ഥികളുടെ അവസ്ഥ അത്യന്തം പരിതാപകരം; അവകാശങ്ങൾ നേടിയെടുക്കാൻ കച്ചകെട്ടി എസ്എഫ്‌ഐ, മാർച്ച് കണ്ടപാടെ ‘ഒളിച്ചോടി’ ഫിഷറീസ് സർവകലാശാല വിസി!

പറഞ്ഞ കാര്യങ്ങളെല്ലാം തന്നെ ക്യാമ്പസിൽ വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്‌നങ്ങളുടെ ഒരംശം മാത്രമാണ്. അതിന്റെ ആഴങ്ങളിൽ അനുഭവിക്കുന്ന ദുരിതം അതിൽ കൂടുതലാണ്.

കൊച്ചി: ഇന്ത്യയിലെ ആദ്യത്തെ ഫിഷറീസ് യൂണിവേഴ്‌സിറ്റി ആയ കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയിൽ പഠിക്കാൻ എത്തുന്ന വിദ്യാർത്ഥികളുടെ അവസ്ഥ അത്യന്തം പരിതാപകരം. ഇതിനെതിരെ പരസ്യമായി രംഗത്ത് വന്നിരിക്കുകയാണ് എസ്എഫ്‌ഐ വിദ്യാർത്ഥികൾ. വിദ്യാർത്ഥികൾക്ക് വേണ്ട അടിസ്ഥാന സൗകര്യം ആവശ്യപ്പെട്ട് എസ്എഫ്‌ഐ കഴിഞ്ഞ മാസം അവസാനത്തിൽ സർവകലാശാല ആസ്ഥാനത്തേയ്ക്ക് അവകാശ പത്രിക മാർച്ച് നടത്തി. വിദ്യാർത്ഥികളുടെ കൂട്ടായ്മ കണ്ട സർവകലാശാല വിസിക്ക് ഒളിച്ചോടി പോകേണ്ട സാഹചര്യമാണ് വന്നത്.

ശേഷം രജിസ്ട്രാറുമായി നടന്ന ചർച്ചയിൽ ഒരാഴ്ചക്കകം വിദ്യാർത്ഥികൾ ഉന്നയിക്കുന്ന ആവശ്യങ്ങളിൽ വിസിയുമായി യൂണിറ്റ് ഭാരവാഹികൾക്ക് ചർച്ച നടത്താനുള്ള സാഹചര്യം ഒരുക്കാമെന്ന് ഉറപ്പും നൽകിയിരുന്നു. എന്നാൽ ഇതുവരെയും ഒരു ചർച്ചയ്ക്കും വിസി തയ്യാറായിട്ടില്ലെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു. ഈ സാഹചര്യത്തിൽ അനിശ്ചിത കാലത്തേയ്ക്ക് സമരം നടത്തുവാൻ ഒരുങ്ങിയിരിക്കുകയാണ് എസ്എഫ്‌ഐ പ്രവർത്തകർ. വിദ്യാർത്ഥികൾ ഉന്നയിക്കുന്ന ആവശ്യങ്ങളിൽ വാക്കുകളിൽ ഒതുക്കാതെ രേഖാമൂലം ഉറപ്പ് നൽകണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം.

ഇവിടെ പഠിക്കുന്ന വിദ്യാർത്ഥികളുടെ അവസ്ഥ വളരെ പരിതാപകരമാണ്. അടിസ്ഥാന സൗകര്യങ്ങൾ പോലും നൽകാൻ യൂണിവേഴ്‌സിറ്റി അധികൃതർ തയ്യാറാവുന്നില്ല എന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു. ടോയ്ലറ്റ്, ക്ലാസ് റൂം, ലാബ് ലൈബ്രറി, പ്രൊജക്ടർ, തുടങ്ങിയവയാണ് പ്രധാനമായും നേരിടുന്ന പ്രശ്‌നങ്ങൾ. 250 പെൺകുട്ടികൾ പഠിക്കുന്ന വെസ്റ്റേണ്ഡ ക്യാമ്പസിൽ വെറും രണ്ട് ടോയ്‌ലെറ്റുകൾ മാത്രമാണുള്ളത്. അതും പൊതുവായത്. രണ്ടെണ്ണത്തിൽ ഒന്നിന് അടച്ചുറപ്പും ഇല്ല. മാത്രമല്ല പെൺകുട്ടികളുടെ ആവശ്യങ്ങൾ പോലും നിഷേധിക്കപ്പെടുന്ന സാഹചര്യമാണുള്ളത്. സാനിറ്ററി നാപ്കിൻ വെന്റിങ് മെഷീനോ സാനിറ്ററി നാപ്കിൻ ഇൻസിനേറ്റർ ഒന്നും തന്നെ ഇവിടെ ഇല്ല. അവൾക്ക് വേണ്ടിയുള്ള ഒരു വിശ്രമ മുറി പോലും ഇല്ല എന്നതാണ് ഏറെ പരിതാപകരം.

വിദ്യാർത്ഥികളിൽ ആർക്കെങ്കിലും ഒരാൾക്ക് അസുഖമോ മറ്റോ വന്നാൽ ക്ലാസിൽ ഇരുത്തി ശുശ്രൂഷിക്കേണ്ട അവസ്ഥ, അല്ലെങ്കിൽ വീട്ടിലേയ്ക്ക് പറഞ്ഞു വിടണം. പിന്നെയുള്ളത് ക്ലാസ് റൂമിന്റെ ശോചനീയാവസ്ഥയാണ്. ഇരുന്ന് പഠിക്കാൻ വിദ്യാർത്ഥികൾക്ക് ആവശ്യത്തിനു ക്ലാസ് റൂം പോലും ഇല്ല. വിദ്യാർത്ഥികൾക്ക് ആനുപതികമായി റൂം ഇല്ലാത്തതിനാൽ ക്ലാസ് പോലും നേരാവണ്ണം നടക്കാത്ത അവസ്ഥയാണ് ഉള്ളത്. ക്ലാസ് റൂം ഒഴിവാകുന്നത് നോക്കി കാത്തു നിൽക്കുന്ന വിദ്യാർത്ഥികളെയും ക്യമ്പസിൽ കാണുവാൻ സാധിക്കും. പിന്നെയുള്ളതാണ് കുടിവെള്ളം. മലിന ജലം കുടിക്കേണ്ട ഗതികേടിലാണ് വിദ്യാർത്ഥികൾ.

ക്യാമ്പസിൽ പലയിടത്തും വാട്ടർ പ്യൂരിഫൈർ സ്ഥാപിച്ചിട്ടുണ്ട്, എന്നാൽ ഒന്ന് പോലും നേരെ ചൊവ്വേ പ്രവർത്തിക്കില്ലെന്ന് മാത്രം. ഇതോടെ അഴുക്ക് വെള്ളം കുടിക്കേണ്ട അവസ്ഥ വരെ വന്നു വിദ്യാർത്ഥികൾക്ക്. കേട് വന്നതിൽ ഒരെണ്ണം പോലും ശരിയാക്കുവാൻ അധികൃതർ ശ്രമിക്കുന്നതേയില്ലെന്ന് വിദ്യാർത്ഥികൾ പറയുന്നു. കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുകയാണ് സർവകലാശാല അധികൃതർ. ഇപ്പോൾ ക്യാമ്പസിൽ പകർച്ചപനിയും പടർന്ന് പിടിക്കുന്ന സാഹചര്യമാണുള്ളതെന്ന് വിദ്യാർത്ഥികൾ കൂട്ടിച്ചേർത്തു.

ഒരു യൂണിവേഴ്‌സിറ്റി ആയതു കൊണ്ട് തന്നെ ലാബിൽ നിരവധി പരീക്ഷണങ്ങളാണ് നടത്തുന്നത്. പരീക്ഷണങ്ങളിൽ പയിനം സൂക്ഷ്മ ജീവികളെ വരെ ഉപയോഗിക്കാറുണ്ട്. ചിലത് മനുഷ്യന് രോഗങ്ങൾ പടർത്തിയേക്കും. ഇത്തരം മാലിന്യങ്ങൾ ശരിയായ രീതിയിൽ സംസ്‌കരിക്കേണ്ടതാണ്. എന്നാൽ അതെല്ലാം തുറസ്സായ സ്ഥലത്ത് വലിച്ചെറിയുന്ന കാഴ്ചയാണ് കാണുന്നത്. പല സുരക്ഷാ മാനദണ്ഡളും അവഗണിച്ചാണ് ഇത് മുൻപോട്ട് പോകുന്നതെന്ന് ഇവർ ആരോപിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങളും അവർ പങ്കുവെച്ചിട്ടുണ്ട്. എത്രയും പെട്ടന്ന് മാലിന്യ സംസ്‌കരണത്തിനു ശാസ്ത്രീയമായ രീതികൾ സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.

അടുത്തതായി പുനഃക്രമീകരിച്ച ലേഡീസ് ഹോസ്റ്റൽ സമയക്രമം നടപ്പിലാക്കുന്നില്ല എന്നതാണ്. സംസ്ഥാനത്തെ എല്ലാ സർക്കാർ സർവകലാശാലയിലും ലാബ് ലൈബ്രറി സൗകര്യങ്ങൾ കൂടുതൽ ഉപയോഗിക്കാൻ തക്കത്തിൽ ലേഡീസ് ഹോസ്റ്റൽ സമയം 9:30 ആയി പുനഃക്രമീകരിച്ചത്. ഈ ഉത്തരവ് കുഫോസിൽ നടപ്പിലാക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും പ്രത്യേകം നിർദ്ദേശം ഉണ്ടായിട്ടുപോലും ഉത്തരവ് നടപ്പിലാക്കാൻ കുഫോസിൽ അധികൃതർ തയ്യാറായിട്ടില്ല. പുരോഗമന ആശയങ്ങളോട് ഉള്ള വൈസ് ചാൻസിലരുടെ പിന്തിരിപ്പൻ നിലപാടാണ് ഇതിനു കാരണമെന്നും വിദ്യാർത്ഥികൾ ഒരേ സ്വരത്തിൽ പറഞ്ഞു. പേരിന് ലൈബ്രറിയുണ്ട്, എന്നാൽ സിലബസിന് അനുസരിച്ചുള്ള പുസ്തകം കിട്ടണമെങ്കിൽ പുറത്ത് പോകേണ്ട അവസ്ഥയാണ് ഉള്ളത്. ലാബും ലൈബ്രറിയും പ്രവർത്തിക്കുന്ന സമയവും അപര്യാപ്തം ആണെന്ന് വിദ്യാർത്ഥികൾ കൂട്ടിച്ചേർത്തു.

നിലവിൽ കൂടുതൽ അധ്യാപകരും പ്രൊജക്ടറുകൾ ഉപയോഗിച്ചാണ് ക്ലാസ് എടുക്കുന്നത്, എന്നാൽ അവയിൽ മുക്കാലും പ്രവർത്തന രഹിതം തന്നെ. ഇത് മൂലം 9:30 മുതൽ 4:30 വരെ തുടർച്ചയായി ക്ലാസ്സ് നടക്കാറില്ല. ഈ പറഞ്ഞ കാര്യങ്ങളെല്ലാം തന്നെ ക്യാമ്പസിൽ വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്‌നങ്ങളുടെ ഒരംശം മാത്രമാണ്. അതിന്റെ ആഴങ്ങളിൽ അനുഭവിക്കുന്ന ദുരിതം അതിൽ കൂടുതലാണ്. ഈ സാഹചര്യത്തിലാണ് പ്രക്ഷോഭം ശക്തമാക്കി എസ്എഫ്‌ഐ രംഗത്ത് വന്നിട്ടുള്ളത്. ഈ ദുരിതത്തിൽ നിന്നും വിദ്യാർത്ഥികളെ കരകയറ്റും വരെ അനിശ്ചതകാല സമരം തന്നെയാണെന്ന് എസ്എഫ്‌ഐ നേതാക്കൾ പറയുന്നു.

ചർച്ചയ്‌ക്കെത്തിയ വിദ്യാർത്ഥി പ്രതിനിധികളുടെ മുഖത്ത് നോക്കാൻ പോലും വിസമ്മതിക്കുന്ന വൈസ് ചാൻസലർ ഒന്ന് മനസിലാക്കുക, താങ്കളുടെ കള്ളത്തരങ്ങൾ ഒന്നൊന്നായി പൊളിയുകയാണ്.. നിങ്ങളുടെ വാക്കിന്റെ പുറത്ത് സമരം നിർത്തി പോകാൻ വന്നവരല്ല ഞങ്ങൾ, തങ്ങളുടെ ആവശ്യങ്ങളിൽ കൃത്യമായ തീരുമാനം രേഖാമൂലം അറിയിക്കുന്നതുവരെ ശക്തമായ രീതിയിൽ തന്നെ സമരം തുടരുമെന്ന് എസ്എഫ്‌ഐ നേതാക്കൾ അറിയിച്ചു.

Exit mobile version