വീണ്ടും ഒരു ‘കല്യാണ പരീക്ഷ’; അഖിലിന്റെ കൈപിടിച്ച് ആര്യ കൃഷ്ണ നടന്ന് കയറിയത് പരീക്ഷാ ഹാളിലേയ്ക്ക്

മിന്നുകെട്ടിയതിനു പിന്നാലെ ആര്യയുടെ കൈപിടിച്ച് അഖില്‍ പരീക്ഷ ഹാളിലെത്തി.

മാള: ജൂലായ് മൂന്നിന് ബിഎഡിന്റെ പരീക്ഷ, അത് കണക്കാക്കി കല്യാണത്തിന് തീയതി കുറിച്ചു. എന്നാല്‍ എല്ലാം തകിടം മറിഞ്ഞു. ചില കാരണങ്ങളാല്‍ പരീക്ഷ മാറ്റി വെച്ചു. കല്യാണത്തിന് എല്ലാവരെയും വിളിച്ചും ഒരുക്കങ്ങളും മറ്റും പൂര്‍ത്തിയായപ്പോഴാണ് പരീക്ഷയുടെ തീയതി വിവാഹദിനത്തിലാണെന്ന് ആര്യകൃഷ്ണയ്ക്ക് മനസിലായത്. പലരുടെയും ഉപദേശം പരീക്ഷ ഉപേക്ഷിക്കാന്‍ ആയിരുന്നു. എന്നാല്‍ ആര്യയ്ക്ക് അതിനാവില്ലായിരുന്നു. വേണ്ട പിന്തുണ നല്‍കി നവവരന്‍ അഖിലും ഒപ്പം നിന്നു.

മിന്നുകെട്ടിയതിനു പിന്നാലെ ആര്യയുടെ കൈപിടിച്ച് അഖില്‍ പരീക്ഷ ഹാളിലെത്തി. ഒപ്പം അഖിലിന്റെ വീട്ടുകാരുടെ പിന്തുണയും ഉണ്ടായിരുന്നു. ഇതോടെ ആര്യയുടെ വലിയ സ്വപ്‌നമാണ് സാക്ഷാത്കരിച്ചത്. തിങ്കളാഴ്ച രാവിലെ 9.30-നായിരുന്നു കൊടകര മനക്കുളങ്ങര കോപ്പുള്ളിപ്പറമ്പില്‍ സദാനന്ദന്റെയും സുമയുടെയും മകള്‍ ആര്യകൃഷ്ണയുടെയും കുഴിക്കാട്ടുശ്ശേരി വടക്കൂട്ട് വീട്ടില്‍ അഖിലിന്റെയും വിവാഹം നടന്നത്.

കൊടകര മനകുളങ്ങര മഹാവിഷ്ണുക്ഷേതത്തില്‍ താലികെട്ടിനു ശേഷം ഇരുവരും ഏതാനും സുഹൃത്തുക്കളുമായി കാറില്‍ ആനാപ്പുഴയിലെ ഡോ. പല്‍പ്പു മെമ്മോറിയല്‍ ബിഎഡ് കോളേജിലെ പരീക്ഷാകേന്ദ്രത്തിലേക്ക് പാഞ്ഞെത്തുകയായിരുന്നു. കല്യാണവസ്ത്രത്തില്‍ തന്നെയായിരുന്നു പരീക്ഷയ്‌ക്കെത്തിയത്. 12.30-ന് പരീക്ഷ എഴുതിയിറങ്ങിയശേഷം വീണ്ടും വിവാഹവേദിയിലേക്ക് തിരിച്ചു.

Exit mobile version