കഴുത്തിലും വയറ്റിലും ട്യൂബുകള്‍ ഘടിപ്പിച്ച നിലയില്‍, അബോധാവസ്ഥയിലായ എഴുത്തുകാരന്‍ തോമസ് ജോസഫിനെ സഹായിക്കണം; അപേക്ഷിച്ച് ബെന്യാമിന്‍

ജോസഫിന്റെ ഭാര്യയുടെ ജോലി ദീര്‍ഘനാള്‍ ലീവ് എടുത്തതുകൊണ്ട് നഷ്ടമായെന്നും മകന്‍ ജെസ്സെയുടെ ചെറിയ വരുമാനമാണ് ഇപ്പോഴുള്ള ഏകവരുമാനമെന്നും ബെന്യാമിന്‍ കുറിച്ചു

തിരുവനന്തപുരം: മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായ എഴുത്തുകാരന്‍ തോമസ് ജോസഫിനെ സഹായിക്കണമെന്ന അപേക്ഷയുമായി ബെന്യാമിന്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ജോസഫിനു വേണ്ടി സഹായം അഭ്യര്‍ത്ഥിച്ചത്.

കഴിഞ്ഞ 10 മാസമായി തോമസ് ജോസഫ് മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് അബോധാവസ്ഥയില്‍ കഴിയുകയാണെന്നും വേണ്ടിവരുന്ന ഭീമമായ തുടര്‍ചിലവുകളെ നേരിടാന്‍ ഇദ്ദേഹത്തിന്റെ കുടുംബത്തിന് ആകെയുള്ള വീട് വില്‍ക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്നും ബെന്യാമിന്‍ കുറിപ്പില്‍ പറയുന്നു.

ജോസഫിന്റെ ഭാര്യയുടെ ജോലി ദീര്‍ഘനാള്‍ ലീവ് എടുത്തതുകൊണ്ട് നഷ്ടമായെന്നും മകന്‍ ജെസ്സെയുടെ ചെറിയ വരുമാനമാണ് ഇപ്പോഴുള്ളതെന്നും ബെന്യാമിന്‍ കുറിച്ചു. തോമസ് ജോസഫിനെ സഹായിക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് അദ്ദേഹത്തിന്റെ മകന്‍ ജെസ്സെയുടെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് പണം അയക്കണമെന്നും ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

അഭ്യര്‍ത്ഥന, മലയാള ചെറുകഥയ്ക്ക് ഉജ്ജ്വല സംഭാവനകള്‍ നല്‍കിയിട്ടുള്ള എഴുത്തുകാരനും സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ തോമസ് ജോസഫ് മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് അബോധാവസ്ഥയില്‍ ആയിട്ട് പത്തുമാസം പിന്നിടുന്നു. അഞ്ചു മാസത്തോളം ആശുപത്രിയില്‍ ആയിരുന്നു. ഇപ്പോള്‍ സ്വന്തം വീട്ടില്‍, കഴുത്തിലും വയറ്റിലും ട്യൂബുകള്‍ ഘടിപ്പിച്ച നിലയിലാണ്. അദ്ദേഹത്തിന്റെ ഭാര്യയുടെ ജോലി ദീര്‍ഘകാലത്തെ അവധി കാരണം നഷ്ടപ്പെട്ടു. മകന്‍ ജെസ്സെയുടെ ചെറിയ വരുമാനം കൊണ്ടാണ് ചെലവുകള്‍ കഴിയുന്നത്.

ലോണടച്ചു തീരാത്ത ഒരു വീട് മാത്രമാണ് ഇവരുടെ സമ്പാദ്യം. ആശുപത്രി ചികിത്സയ്ക്ക് വേണ്ടി വന്ന ഭീമമായ തുക സുഹൃത്തുക്കളുടെയും അഭ്യൂദയകാംക്ഷികളുടെയും സഹായത്തോടെയാണ് സമാഹരിച്ചത്. ഒരു നേഴ്‌സിന്റെ വിദഗ്ധപരിചരണം ഉള്‍പ്പെട്ടെ, അനശ്ചിതവും വമ്പിച്ചതുമായ ഒരു തുടര്‍ച്ചെലവിനെയാണ് തോമസിന്റെ കുടുംബം ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്. ആകെയുള്ള വീട് വില്‍ക്കുകയല്ലാതെ മറ്റൊരു മാര്‍ഗ്ഗവും അവര്‍ക്കില്ല.

മലയാള കഥയില്‍ പ്രതിഭയുടെ പാദമുദ്ര പതിപ്പിച്ച ഒരെഴുത്തുകാരന്റെ പ്രതിസന്ധിയില്‍ വായനക്കാരോടും സഹൃദയരോടും സഹായാഭ്യര്‍ത്ഥന നടത്താന്‍ സുഹൃത്തുക്കളായ ഞങ്ങള്‍ വീണ്ടും നിര്‍ബന്ധിതരവുകയാണ്. തോമസ് ജോസഫിനെ സഹായിക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് അദ്ദേഹത്തിന്റെ മകന്‍ ജെസ്സെയുടെ ബാങ്ക് അക്കൌണ്ടിലേക്ക് പണം അയയ്ക്കാവുന്നതാണ്.

സേതു, മുകുന്ദന്‍, സക്കറിയ, എന്‍.എസ്. മാധവന്‍, ബെന്യാമിന്‍, കെ.ആര്‍. മീര, റഫീഖ് അഹമ്മദ്, മധുപാല്‍, പി.എഫ്. മാത്യൂസ്, ആര്‍. ഉണ്ണി, സി.കെ ഹസ്സന്‍കോയ

Jesse, A/C no. 2921101008349
IFSCCNRB0005653, Canara Bank, Chunangamveli branch, Aluva

Exit mobile version