പണം കൊടുത്ത് വ്യാജ രോഗികളെ എത്തിച്ച് വര്‍ക്കല എസ്ആര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി അധികൃതര്‍, ദൃശ്യങ്ങള്‍ പുറത്ത് വിട്ട് വിദ്യാര്‍ത്ഥികള്‍

ക്യാംപിന്റെ പേരില്‍ രോഗികള്‍ എന്ന വ്യജേന മെഡിക്കല്‍ കൗണ്‍സിലിന്റെ കണ്ണില്‍ പൊടിയിടുകയായിരുന്നുവെന്നാണ് വിദ്യാര്‍ഥികളുടെ പരാതി

തിരുവന്തപുരം: വര്‍ക്കല എസ്ആര്‍ മെഡിക്കല്‍ കോളേജിനെതിരെ ഗുരുതര ആരോപണവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്ത്. ബുധനാഴ്ച മെഡിക്കല്‍ കൗണ്‍സില്‍ പരിശോധനയിക്കെത്തിയപ്പോള്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നത് വ്യാജ രോഗികളായിരുന്നെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് രോഗികള്‍ എന്ന വ്യാജേന പണം കൊടുത്ത് ആളുകളെ എത്തിക്കുന്ന ദൃശ്യങ്ങള്‍ വിദ്യര്‍ത്ഥികള്‍ പുറത്ത് വിട്ടു.

സ്റ്റാന്‍ഡ് വിത്ത് സ്റ്റുണ്ടന്റസ് ഓഫ് എസ്ആര്‍ മെഡിക്കല്‍ കോളേജ് എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് വിദ്യാര്‍ത്ഥികള്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. അതേസമയം മെഡിക്കല്‍ കൗണ്‍സിലിന്റെ പരിശോധനയ്ക്ക് ശേഷം പണം നല്‍കാതെ ആളുകളെ പറ്റിച്ചെന്നും വിദ്യാര്‍ത്ഥികള്‍ ഫേസ്ബുക്ക് ലൈവില്‍ അറിയിച്ചു.

ക്യാംപിന്റെ പേരില്‍ രോഗികള്‍ എന്ന വ്യജേന മെഡിക്കല്‍ കൗണ്‍സിലിന്റെ കണ്ണില്‍ പൊടിയിടുകയായിരുന്നുവെന്നാണ് വിദ്യാര്‍ഥികളുടെ പരാതി. പരിശോധന നടത്തിയ ദിവസം ഗ്രാമപ്രദേശങ്ങളില്‍ നിന്ന് ആളുകളെ പ്രത്യേക വാഹനങ്ങളില്‍ ആശുപത്രിയില്‍ എത്തിക്കുമെന്നും പരിശോധന കഴിഞ്ഞാല്‍ ഉടന്‍ തിരിച്ചുകൊണ്ടുപോകുമെന്നുമാണ് വിദ്യാര്‍ഥികള്‍ ആരോപിക്കുത്.

രോഗികളെന്ന് വ്യാജേന എത്തുന്ന ആളുകള്‍ക്ക് 100 രൂപ മുതല്‍ 300 രൂപ വരെ പണം വാഗ്ദാനം ചെയ്താണ് എത്തിക്കുന്നതെന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്. അതേസമയം പറഞ്ഞ പണം നല്‍കാത്തതിനാല്‍ രോഗികളായി എത്തിച്ചവര്‍ ആശുപത്രിയില്‍ പ്രതിഷേധിക്കുന്നതിന്റെ ദൃശ്യങ്ങളും വിദ്യാര്‍ത്ഥികള്‍ പുറത്ത് വിട്ടു.

വര്‍ക്കല എസ്ആര്‍ മെഡിക്കല്‍ കോളേജില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലെന്ന വിദ്യാര്‍ഥികളുടെ പരാതിയെ തുടര്‍ന്നാണ് മെഡിക്കല്‍ കൗണ്‍സിലിനോട് പരിശോധന നടത്താന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്.

Exit mobile version