‘വിരട്ടി വിട്ടേയ്ക്കാം’ അങ്ങ് ക്ലിക്കായി; ജോസ്‌ക്കുട്ടി പനക്കലിന് ദേശീയ ഫോട്ടോഗ്രഫി പുരസ്‌കാരം

ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ഭാഗമായി എറണാകുളം ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍ വിരഗുളിക കഴിക്കുന്ന കുട്ടിയും പ്രോത്സാഹിപ്പിക്കുന്ന കൂട്ടുകാരുടെതാണ് ചിത്രം.

മുംബൈ: ദേശീയ തലത്തില്‍ പത്രപ്രവര്‍ത്തന മികവ് പ്രകടിപ്പിക്കുന്നവര്‍ക്കുള്ള മുംബൈ പ്രസ് ക്ലബ്ബിന്റെ റെഡ് ഇങ്ക് ദേശീയ ഫോട്ടോഗ്രാഫി പുരസ്‌കാരത്തിന് അര്‍ഹനായി ജോസ്‌ക്കുട്ടി പനക്കല്‍. ബിഗ്പിക്ചര്‍ വിഭാഗത്തിലാണ് അദ്ദേഹം പുരസ്‌കാരത്തിന് അര്‍ഹനായത്. മനോരമയിലെ ചീഫ് ഫോട്ടോഗ്രാഫര്‍ ആണ് ജോസ്‌ക്കുട്ടി പനയ്ക്കല്‍. ‘വിരട്ടി വിട്ടേയ്ക്കാം’ എന്ന അടിക്കുറിപ്പോടു കൂടി 2016 ഒക്ടോബര്‍ 26ന് മലയാള മനോരമയില്‍ പ്രസിദ്ധീകരിച്ച ചിത്രത്തിനാണ് പുരസ്‌കാരം ലഭ്യമായത്.

പുരസ്‌കാരത്തിന് അര്‍ഹമായ ചിത്രം

ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ഭാഗമായി എറണാകുളം ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍ വിരഗുളിക കഴിക്കുന്ന കുട്ടിയും പ്രോത്സാഹിപ്പിക്കുന്ന കൂട്ടുകാരുടെതാണ് ചിത്രം. മഗ്‌സസെ അവാര്‍ഡ് ജേതാവും പരിസ്ഥിതി പ്രവര്‍ത്തകനുമായ ഡോ. പ്രകാശ് ആമ്‌തെയും ബംഗ്ലാദേശി ഫോട്ടോ ജേര്‍ണലിസ്റ്റ് ഷാഹിദുല്‍ ആലവും ചേര്‍ന്ന് ജോസ്‌ക്കുട്ടിക്ക് പുരസ്‌കാരം സമ്മാനിച്ചു.

ഇത് ആദ്യമായല്ല ജോസ്‌ക്കുട്ടിയുടെ ‘ക്ലിക്കിന്’ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുള്ളത്. നാല് രാജ്യാന്തര പുരസ്‌കാരം ഉള്‍പ്പടെ നാല്‍പതിലേറെ ഫോട്ടോഗ്രഫി പുരസ്‌കാരങ്ങളാണ് ജോസ്‌ക്കുട്ടിയെ തേടിയെത്തിയിട്ടുള്ളത്. വാര്‍ത്താചിത്രങ്ങളുടെ ഇലക്ട്രോണിക് രീതിയിലുള്ള ശേഖരത്തിലൂടെ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിലും അദ്ദേഹം ഇടംപിടിച്ചിട്ടുണ്ട്. തൊടുപുഴ സ്വദേശിയാണ് അദ്ദേഹം. അങ്കമാലി ഫെഡറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി അസിസ്റ്റന്റ് പ്രഫസര്‍ ഡോ. സിന്ധു ജോര്‍ജാണ് ജോസ്‌ക്കുട്ടിയുടെ ഭാര്യ. ഇനിക, എഡ്രിക് എന്നിവരാണ് മക്കള്‍.

Exit mobile version