അട്ടക്കുളങ്ങരയില്‍ തടവുകാര്‍ ജയില്‍ ചാടിയ സംഭവം; യുവതികളുടെ മൊഴി പുറത്ത്

ജയില്‍ കാലാവധി നീളുമോയെന്നും ആറുവര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്ന് അഭിഭാഷകന്‍ പറഞ്ഞതോടെ ജയില്‍ ചാടാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് യുവതികള്‍ മൊഴി നല്‍കി

തിരുവനന്തപുരം: തിരുവനന്തപുരം അട്ടക്കുളങ്ങരയില്‍ വനിതകള്‍ ജയില്‍ ചാടിയത് ആസൂത്രിതമായെന്ന് മൊഴി. ജയില്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ ഇരുവരം തയ്യല്‍ ക്ലാസിന് പോയിരുന്നു. അവിടെ നിന്ന് ജയില്‍ പരിസരം നിരീക്ഷിച്ചു. ജയിലിനുള്ളിനെ ബയോഗ്യാസ് പ്ലാന്റിന് സമീപത്തെ കമ്പിയില്‍ സാരി ചുറ്റി അതില്‍ ചവിട്ടിയാണ് ജയില്‍ ചാടിയതെന്ന് പിടിയിലായ യുവതികള്‍ പോലീസിനോട് പറഞ്ഞു.

ജയില്‍ കാലാവധി നീളുമോയെന്നും ആറുവര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്ന് അഭിഭാഷകന്‍ പറഞ്ഞതോടെ ജയില്‍ ചാടാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് യുവതികള്‍ മൊഴി നല്‍കി. ഇക്കഴിഞ്ഞ ചൊവ്വാഴ്ച 4.30ഓടെയാണ് ഇരുവരെയും ജയിലില്‍ നിന്ന് കാണാതായത്. തുടര്‍ന്ന് ഇവര്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

പാലോട് നിന്നും സ്‌കൂട്ടിയില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന സമയത്ത് പോലീസിനെ കണ്ട ഇവര്‍ സമീപത്തുള്ള കാട്ടിലേക്ക് ഓടുകയായിരുന്നു. തുടര്‍ന്ന് കാട്ടില്‍ പോലീസ് നടത്തിയ തെരച്ചിലിലാണ് പ്രതികളായ യുവതികളെ ഇന്നലെ രാത്രിയാണ് പിടികൂടിയത്. റൂറല്‍ എസ്പി അശോകന്റെ നേതൃത്വത്തിലുള്ള സംഘമാണ് പാലോടിനടുത്ത് വെച്ച് യുവതികളെ പിടികൂടിയത്. ശില്‍പ്പയുടെ വീട്ടിലേക്ക് ഇരുവരും പോകുന്നതിനിടെയാണ് പിടിയിലായത്.

പാങ്ങോട് സ്വദേശിയായ ശില്‍പ്പയെ ജോലിക്ക് നിന്ന വീട്ടിലെ ഗൃഹനാഥന്റെ മോതിരം മോഷ്ടിച്ചതിനാണ് അറസ്റ്റ് ചെയ്തത്. മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയതിനാണ് വര്‍ക്കല സ്വദേശിയായ സന്ധ്യ അറസ്റ്റിലായത്. കേരള ചരിത്രത്തില്‍ ആദ്യമായാണ് വനിതകള്‍ ജയില്‍ ചാടിയത്.

Exit mobile version