അവരുടെ ദുരിതം ഒഴിയണം, കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ കടല്‍ ഭിത്തി കെട്ടണം; പാര്‍ലമെന്റിലെ കന്നി പ്രസംഗത്തില്‍ ആവശ്യവുമായി എഎം ആരിഫ് എംപി

മഴക്കാലം എത്തിയതോടെ തീരദേശവാസികള്‍ കടല്‍ക്ഷോഭത്താല്‍ ദുരിതം അനുഭവിക്കുകയാണ്.

ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ കന്നി പ്രസംഗത്തില്‍ സംസ്ഥാനത്തിന് വേണ്ടി ശബ്ദമുയര്‍ത്തി സിപിഎം എംപി എഎം ആരിഫ്. കേരളത്തിന്റെ തീരപ്രദേശങ്ങളില്‍ കടല്‍ ഭിത്തി കെട്ടാന്‍ ആണ് ആരിഫ് ആവശ്യപ്പെട്ടത്. തീരദേശവാസികള്‍ പൂര്‍ണ്ണമായും ആശ്രയിക്കുന്നത് കടലിനെയാണെന്നും അതുകൊണ്ട് തന്നെ കടല്‍ ഭിത്തി നിര്‍മ്മിക്കുന്നത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മഴക്കാലം എത്തിയതോടെ തീരദേശവാസികള്‍ കടല്‍ക്ഷോഭത്താല്‍ ദുരിതം അനുഭവിക്കുകയാണ്. കേരള സര്‍ക്കാര്‍ തീരദേശവാസികളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റി പാര്‍പ്പിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇത്തരത്തില്‍ ചെയ്യുന്നത് എളുപ്പമല്ലെന്നും ഇതൊരു ശാശ്വതപരിഹാരമല്ലെന്നും അതിനാല്‍ തന്നെ കടല്‍ ഭിത്തി നിര്‍മ്മിക്കുക എന്നതാണ് ഏക മാര്‍ഗമെന്നും ആരിഫ് വ്യക്തമാക്കി.

കടല്‍ ഭിത്തി നിര്‍മ്മിക്കുക എന്നത് മാത്രമാണ് ഈ ദുരിതത്തിന് ശാശ്വത പരിഹാരം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ മണ്ഡലമായ ആലപ്പുഴയില്‍ കടല്‍ഭിത്തി നിര്‍മ്മിക്കേണ്ടത് അത്യാവശ്യമാണെന്നും, എന്നാല്‍ അത് കേന്ദ്ര ഫണ്ടിങ്ങിലൂടെ മാത്രമെ സാധ്യമാകൂ എന്നും ആരിഫ് വ്യക്തമാക്കി. ഇതിനായി എത്രയും വേഗം നടപടി എടുക്കണമെന്നും അദ്ദേഹം പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു.

Exit mobile version