കാഞ്ചികാമാക്ഷിയമ്മന്‍ ക്ഷേത്രത്തില്‍ മോഷണം; സ്വര്‍ണ്ണാഭരണങ്ങളും, ഭണ്ഡാരത്തിലെ പണവും കവര്‍ന്നു, ഒപ്പം സിസിടിവിയുടെ ഹാര്‍ഡ് ഡിസ്‌കും! കുഴഞ്ഞ് പോലീസ്

വെള്ളിയാഴ്ച പുലര്‍ച്ചെയോടെയായിരുന്നു മോഷണം.

മാനന്തവാടി: എരുമത്തെരുവ് കാമഞ്ചികാമാക്ഷിയമ്മന്‍ ക്ഷേത്രത്തില്‍ വന്‍ മോഷണം. വിഗ്രഹത്തില്‍ ചാര്‍ത്തിയ സ്വര്‍ണ്ണാഭരണങ്ങളും, ഭണ്ഡാരത്തിലെ പണവും കൂടാതെ സിടിവിയുടെ ഹാര്‍ഡ് ഡിസ്‌കും കൂടി എടുത്ത് കൊണ്ടാണ് കള്ളന്മാര്‍ പോയത്. ഇതോടെ തെളിവുകള്‍ ഇല്ലാതെ പോലീസും കുഴഞ്ഞു മറിഞ്ഞിരിക്കുകയാണ്. വെള്ളിയാഴ്ച പുലര്‍ച്ചെയോടെയായിരുന്നു മോഷണം. പോലീസും കല്പറ്റയില്‍ നിന്നെത്തിയ ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധ നടത്തി.

ക്ഷേത്രത്തില്‍ തേങ്ങ ഉടയ്ക്കാന്‍ വെച്ചിരുന്ന വാക്കത്തി കൊണ്ട് തിടപ്പള്ളിയുടെ പൂട്ട് പൊളിച്ചാണ് മോഷ്ടാവ് അകത്ത് എത്തിയത്. തിടപ്പള്ളിയില്‍ സൂക്ഷിച്ചിരുന്ന താക്കോല്‍ക്കൂട്ടമെടുത്ത് ശ്രീകോവിലുകളുടെയും ഭണ്ഡാരത്തിന്റെയും പൂട്ട് തുറന്നാണ് മോഷ്ടാക്കള്‍ താലിയും പണവും മറ്റും കവര്‍ന്നത്. ശേഷം ഓഫീസ് തുറന്ന് സിസിടിവി ക്യാമറയുടെ ഹാര്‍ഡ് ഡിസ്‌കും എടുത്ത് മുങ്ങുകയായിരുന്നു.

വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിവരെ ക്ഷേത്രം വാച്ചര്‍ അമ്പലത്തിനകത്ത് തന്നെ ഉണ്ടായിരുന്നു. പിന്നീട് ഓഫീസിന്റെ താഴത്തെനിലയില്‍ ഉറങ്ങാന്‍ പോയി. ക്ഷേത്രത്തില്‍നിന്നും ആരോ ചുമയ്ക്കുന്ന ശബ്ദംകേട്ട് എത്തി നോക്കിയപ്പോള്‍ മൂന്ന് പേര്‍ ഓടി രക്ഷപ്പെടുന്നത് കണ്ടതായി ഇദ്ദേഹം പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്.

Exit mobile version